റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി രഘുറാം രാജന്‍ ഇന്ന് ചുമതലയേല്‍ക്കും

ബുധന്‍, 4 സെപ്‌റ്റംബര്‍ 2013 (11:52 IST)
PRO
റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി രഘുറാം രാജന്‍ ഇന്ന് ചുമതലയേല്‍ക്കും. ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ് നിലവില്‍ അദ്ദേഹം.

റെക്കോര്‍ഡ് തകര്‍ച്ചയിലായ രൂപയെ കരകയറ്റുകയെന്നതാവും ഇന്ന് ചുമതലയിലെത്തുന്ന രഘുറാം രാജനെ കാത്തിരിക്കുന്ന പ്രധാന വെല്ലുവിളി. അന്താരാഷ്ട്ര നാണ്യനിധിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന രഘുറാം ഗോവിന്ദ് രാജന്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ധനമന്ത്രാലയത്തിലെത്തുന്നത്.

പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ രഘുറാം രാജന്‍ 1963 ഫ്രെബുവരി മൂന്നിന് ഭോപ്പാലിലാണ് ജനിച്ചത്. പ്രധാനമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള രഘുറാം രാജന്‍ അന്താരാഷ്ട്ര നാണ്യനിധിയില്‍ ചീഫ് ഇക്കണോമിസ്റ്റായും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായും പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ഫെഡറല്‍ റിസേര്‍വ് ബോര്‍ഡ്, വേള്‍ഡ് ബാങ്ക് എന്നിവയുടെ വിസിറ്റിംഗ് പ്രൊഫസറും ആയിരുന്നു.

അഹമ്മദാബാദ് ഐഐഎമ്മിലും ഡല്‍ഹി ഐഐടിയിലുമായി പഠനം പൂര്‍ത്തിയാക്കിയ രഘുറാം മാസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക