കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്ക് ശനിയാഴ്ച നാല്‍പ്പത് വയസ്സ് തികഞ്ഞു. കോണ്‍ഗ്രസിന്റെ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കുന്ന യുവ നേതാവിന്റെ പിറന്നാള്‍ ആഘോഷം ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ തന്നെ ആരംഭിച്ചിരുന്നു.
എന്‍എസ്‌യുഐ, യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം രാഹുലിന്റെ ജന്മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. എന്നാല്‍, രാഹുല്‍ ഗാന്ധി ആഘോഷ പരിപാടികളില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകളൊന്നുമില്ലായിരുന്നു.
രണ്ടാം തവണയും അമേഠിയില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ രാഹുല്‍ ഗ്രാമങ്ങളിലേക്കുള്ള അപ്രതീക്ഷിത സന്ദര്‍ശനങ്ങളിലൂടെയും പാവപ്പെട്ടവരുടെ വീടുകളില്‍ നടത്തിയ സന്ദര്‍ശനങ്ങളിലൂടെയും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി നടത്തുന്ന സംവാദങ്ങളിലൂടെ യുവാക്കള്‍ക്ക് ഇടയിലും തരംഗം സൃഷ്ടിക്കാന്‍ രാഹുലിന് സാധിച്ചു.
ഭാവി പ്രധാനമന്ത്രിയെന്ന് പലപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധി പക്ഷേ കാബിനറ്റ് മന്ത്രി പദവി പാര്‍ട്ടി നേതൃത്വം വച്ചു നീട്ടിയപ്പോഴൊക്കെ നിരസിക്കുകയായിരുന്നു. ഇപ്പോള്‍ എന്‍എസ്‌യുഐയുടെയും യൂത്ത്‌കോണ്‍ഗ്രസിന്റെയും ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് രാഹുല്‍.