എത് സമയത്തും രാഹുല്‍ ഗാന്ധിക്ക് പ്രധാനമന്ത്രിപദം ഏറ്റെടുക്കാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. രാഹുല്‍ ഗാന്ധി യുപിഎയെ നയിക്കാന്‍ ഏറ്റവും യോഗ്യനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വീണ്ടും അധികാരത്തില്‍ വരുന്നത് യുപിഎ തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎ വിട്ട ജെഡിയുവിനെ യുപിഎയില്‍ ഉള്‍പ്പെടുത്തുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും നിതീഷ്‌കുമാര്‍ മതേതര നേതാവാണെന്നുമായിരുന്നു മന്‍മോഹന്‍ സിംഗിന്റെ മറുപടി.
നരേന്ദ്ര മോഡിയെക്കുറിച്ചു ചോദിച്ചപ്പോള്‍ മോഡി ആരാണെന്നും എന്തിന് വേണ്ടി നിലക്കൊള്ളുന്ന വ്യക്തിയാണെന്ന് ജനങ്ങള്‍ക്കറിയാമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
രാജ്യസഭാംഗമായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തിങ്കളാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. അസമില്‍ നിന്നു മത്സരിച്ചാണ് മന്‍മോഹന്‍ സിംഗ് രാജ്യസഭയിലെത്തിയത്.
അസമില്‍ രാജ്യസഭ സീറ്റിലേക്ക് രണ്ട് ഒഴിവുകള്‍ വന്നിരുന്നു. അതിലൊന്നിലാണ് മന്‍മോഹന്‍ സിംഗ് മത്സരിച്ചത്. ഇത് തുടര്‍ച്ചയായി അഞ്ചാം തവണയാണ് മന്‍മോഹന്‍ സിംഗ് അസമില്‍ നിന്നും രാജ്യസഭയിലെത്തുന്നത്.