രാഹുലിന്റെ വിശ്വസ്തരും കേന്ദ്രമന്ത്രിസഭയിലേക്ക്

ബുധന്‍, 19 ജനുവരി 2011 (09:54 IST)
PTI
ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കേന്ദ്രമന്ത്രിസഭ പുന:സംഘടിപ്പിക്കുമ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരായ മൂന്ന് അനുയായികള്‍ക്കും മന്ത്രിസ്ഥാനം ഉറപ്പായിരിക്കുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള മണിക് ടാഗോര്‍, മധ്യപ്രദേശില്‍ നിന്നുള്ള മീനാക്ഷി നടരാജന്‍, കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി എന്നീ രാഹുല്‍ അനുയായികള്‍ക്കാണ് പുതിയതായി മന്ത്രിപദവി ലഭിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള കെസി വേണുഗോപാലിനെ കൂടാതെ മണിശങ്കര്‍ അയ്യര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സുധീപ് ബന്ധോപാധ്യായ, ഡി‌എം‌കെയുടെ ടി ആര്‍ ബാലു എന്നിവര്‍ക്കും പുതിയതായി മന്ത്രിസ്ഥാനം ലഭിച്ചേക്കും.

ശരദ് പവാറിന്റെ അധികഭാരം കുറയ്ക്കുന്നതിനായി കെവി തോമസിന് കൃഷിയുടെ സ്വതന്ത്ര ചുമതല നല്‍കിയേക്കും. അധിക ചുമതലകള്‍ വഹിക്കുന്ന കപില്‍ സിബലിന് ആശ്വാസം നല്‍കുന്നതിന് വേണ്ടി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കിയേക്കും. പാര്‍ലമെന്ററികാര്യ വകുപ്പിന്റെ ചുമതല പവന്‍‌കുമാര്‍ ബന്‍സലില്‍ നിന്ന് മാറ്റി ഗുലാം നബി ആസാ‍ദിനു നല്‍കിയേക്കുമെന്ന് സൂചനയുണ്ട്. വീരപ്പമൊയ്‌ലിയുടെ വകുപ്പും മാറ്റിയേക്കും.

വൈകിട്ട് അഞ്ച് മണിക്കായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. അഴിമതിയില്‍ മുങ്ങിത്താണ യുപി‌എ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുന:സംഘടനയാണ് ഇന്ന് നടക്കുന്നത്. സംഘടനാതലത്തിലും ഉടന്‍ തന്നെ മാറ്റങ്ങള്‍ വരുത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

വെബ്ദുനിയ വായിക്കുക