രഹസ്യം പരസ്യമാക്കാന്‍ ബേദി

ഞായര്‍, 30 ഡിസം‌ബര്‍ 2007 (11:14 IST)
PTI
ഇന്ത്യയിലെ പൊലീസ് സേനയില്‍ ഉണ്ടാകേണ്ടിയിരുന്ന പരിഷ്ക്കാരങ്ങള്‍ അധികൃത വര്‍ഗം അട്ടിമറിച്ചതിനെ കുറിച്ചുള്ള കൂടുതല്‍ രഹസ്യങ്ങള്‍ പുറത്തു കൊണ്ടു വരികയാണ് രാജ്യത്തെ ആദ്യത്തെ വനിത ഐ‌പി‌എസ് ഉദ്യോഗസ്ഥയായ കിരണ്‍ ബേദി.

‘ഐ ഡെയര്‍’ എന്ന തന്‍റെ ജീവചരിത്രപുസ്തകത്തില്‍ ചില അധ്യായങ്ങള്‍ കൂടി ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കിരണ്‍ ബേദി. പര്‍മേഷ് ഡന്‍‌ഗാവാളാണ് കിരണ്‍ ബേദിയുടെ ജീവചരിത്രം തയാറാക്കിയത്.

അമ്പത്തിയെട്ടുകാരിയായ ഈ മാഗ്സസെ അവാര്‍ഡു ജേതാവ് മുപ്പത്തിയെട്ടു വര്‍ഷം നീണ്ടു നിന്ന ഔദ്യോഗിക ജീവിതത്തില്‍ നിന്ന് അടുത്തിടെയാണ് സ്വയം വിരമിച്ചത്.

ഇന്ത്യന്‍ പൊലീസ് സേനയിലെ പരിഷ്ക്കാരങ്ങള്‍ ഈ പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഈ പരിഷ്ക്കാരങ്ങളെ അട്ടിമറിച്ച ശക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്താനാ‍ണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയമാണ് പൊലീസ് സേനയിലെ പരിഷക്കാരത്തിനായുള്ള നയരൂപീകരണം നടത്തിയത്. എന്നാല്‍ ഇതൊന്നും ശരിയായ രീതിയില്‍ നടപ്പിലാക്കപ്പെട്ടില്ല.

ബ്യൂറോ ഓഫ് പൊലീസ് റിസേര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റിന്‍റെ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ടിച്ച സമയത്താണ് നയരൂപീകരണത്തെ കുറിച്ചും അതിന്‍റെ മോശമായ നടത്തിപ്പിനെ കുറിച്ച് തനിക്ക് അറിവു ലഭിക്കുന്നതെന്ന് ബേദി പറഞ്ഞു. പൊലീസ് സേനയുടെ പരിഷ്ക്കാരമാണ് തന്‍റെ ലക്‍ഷ്യമെന്നും അവര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക