രജനിയുടെ ‘ആക്ഷന്‍’ തിരിച്ചു വരില്ലേ?

ശനി, 16 ജൂലൈ 2011 (19:44 IST)
PRO
സൂപ്പര്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് സിംഗപ്പൂരില്‍ നിന്ന് ചികിത്സ കഴിഞ്ഞെത്തി വിശ്രമത്തിലാണ്. നാല്‍പ്പത് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം മടങ്ങിയ രജനിക്ക് ഇനി പഴയതു പോലെ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാനാവില്ല എന്ന് റിപ്പോര്‍ട്ടുകള്‍.

രജനി ഇനി ഫൈറ്റ് രംഗങ്ങളില്‍ അഭിനയിച്ചാല്‍ അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉപദേശിച്ചിട്ടുണ്ട് എന്നും ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നൃത്ത രംഗങ്ങളില്‍ പോലും അദ്ദേഹത്തിന് ഏതാനും ചുവടുകള്‍ വച്ചശേഷം മാറി നില്‍ക്കേണ്ടി വരുമത്രേ. അതായത്, ഭാവാഭിനയ രംഗങ്ങളില്‍ മാത്രമാവും ആരാധകര്‍ക്ക് പഴയ സ്റ്റൈല്‍ മന്നനെ കാണാനാവുക.

എന്നാല്‍, ഇതൊന്നും അദ്ദേഹത്തിന്റെ വെള്ളിത്തിരയിലെ മൂല്യത്തിന് ഇടിവാകില്ല എന്നും കരുതേണ്ടിയിരിക്കുന്നു. കാരണം, രജനിയുടെ ശരീരപ്രകൃതിയുള്ള രണ്ട് ഡ്യൂപ്പുകള്‍ ഇതിനോടകം റഡിയായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ ശരീര ചലനങ്ങളും ഡിജിറ്റല്‍ എഫ്‌എക്സിലൂടെ (ഡിജിറ്റല്‍ ഇഫക്ട്സ്) കൂട്ടിച്ചേര്‍ക്കുന്ന രജനിയുടെ മുഖവും ചേര്‍ന്നാല്‍ രജനി ചിത്രം റെഡി!

എന്നാല്‍, രജനിയുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കുടുംബാംഗങ്ങള്‍ വ്യക്തമായ വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. രജനിക്ക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി എന്ന വാര്‍ത്തയും കുടുംബാംഗങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക