രക്ഷാപ്രവര്‍ത്തനം: ഇന്ത്യന്‍ സൈന്യത്തിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

തിങ്കള്‍, 27 ഏപ്രില്‍ 2015 (13:38 IST)
ഭൂകമ്പം തകര്‍ത്ത നേപ്പാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യന്‍ സൈന്യത്തിനെയും ദുരന്തനിവാരണ സേനയെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദിച്ചു. ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം  കാര്യക്ഷമമായി നടത്തിയതിനാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം. 
 
അതേസമയം, നേപ്പാളില്‍ ഇന്ത്യ രക്ഷാപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ ആറു യൂണിറ്റുകള്‍ കൂടി നേപ്പാളിലെത്തി.  ഇന്ത്യന്‍ സൈന്യം ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
 
നൂറോളം പേരെയാണ് ഇന്ത്യന്‍ സൈന്യം ഇതുവരെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് തെളിഞ്ഞ കാലാവസ്ഥയായതിനാല്‍ രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ നടന്നുവരികയാണ്. അതേസമയം, ഭൂകമ്പത്തില്‍ പരുക്കേറ്റ ആളുകളാല്‍ ആശുപത്രി നിറഞ്ഞിരിക്കുകയാണ്. ആശുപത്രിക്കുള്ളില്‍ സ്ഥലമില്ലാത്തതിനാല്‍ വരാന്തകളിലും മറ്റുമാണ് പരുക്കേറ്റവര്‍ കഴിയുന്നത്.
 
റോഡുകള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. മോട്ടോര്‍ സൈക്കിളുകളിലാണ് രക്ഷാപ്രവര്‍ത്തകര്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, ചൈന, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും രക്ഷാപ്രവര്‍ത്തകരെ നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക