യുവതിയെ ചെരുപ്പ് തലയില്‍ വച്ച് തെരുവിലൂടെ നടത്തിച്ചു

Webdunia
തിങ്കള്‍, 17 ഫെബ്രുവരി 2014 (12:53 IST)
PRO
PRO
പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടതിനാണ് യുവതിക്ക് ഈ ദുര്‍വിധി ഉണ്ടായത്. ഗ്രേറ്റര്‍ നോയിഡയിലെ ദാങ്കൌര്‍ ഗ്രാമത്തിലെ പഞ്ചായത്ത് ആണ് യുവതിയ്ക്ക് വിചിത്രമായ ശിക്ഷ വിധിച്ചത്. മൂന്ന് യുവാക്കള്‍ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പരാതിപ്പെട്ടത്. പക്ഷേ ശിക്ഷ ലഭിച്ചത് യുവതിക്കാണ്. അവരെ ചെരുപ്പ് തലയില്‍ വച്ച് ഗ്രാമത്തിലെ തെരുവുകളിലൂടെ നടത്തിക്കുകയായിരുന്നു.

യുവാക്കള്‍ പീഡിപ്പിച്ചതായി കാണിച്ച് മാസങ്ങള്‍ക്ക് മുമ്പാണ് യുവതി പരാതി നല്‍കിയത്. വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ഗ്രാമത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. പരാതിയുമായി യുവതി ഗ്രാമമുഖ്യരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പരാതി പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമമുഖ്യര്‍ രംഗത്തെത്തിയെങ്കിലും യുവതി അതിന് വഴങ്ങിയില്ല. ഇതേ തുടര്‍ന്നാണ് യുവതിയ്ക്ക് ശിക്ഷ വിധിച്ചത്.

യുവതിയുടെ കുടുംബത്തെ ഗ്രാമത്തില്‍ നിന്ന് നാടുകടത്തുകയും ചെയ്തു. അതേസമയം പരാതി പൊലീസും മുഖവിലയ്ക്കെടുത്തില്ലെന്ന് യുവതി പറയുന്നു.