യുവതിയെ ഐസിയുവില്‍ ബലാത്സംഗം ചെയ്തു!

തിങ്കള്‍, 18 ഒക്‌ടോബര്‍ 2010 (18:26 IST)
PRO
പൂജാ പന്തലില്‍ മയങ്ങി വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബംഗാളി യുവതിയെ ഐസിയുവില്‍ വച്ച് ഡോക്ടര്‍ ബലാത്സംഗത്തിനിരയാക്കി. വാശിയിലെ ദുര്‍ഗാപന്തലില്‍ പ്രാര്‍ത്ഥിക്കാനെത്തിയ 34 കാരിയായ ബംഗാളി യുവതിക്കാണ് ഈ ദുര്യോഗമുണ്ടായത്.

ശനിയാഴ്ച എസി‌എല്‍ സ്കൂളില്‍ ഒരുക്കിയിരുന്ന പൂജാപന്തല്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് യുവതി മയങ്ങി വീണത്. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള ‘ലോട്ടസ്’ ആശുപത്രിയില്‍ എത്തിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ച അര്‍ദ്ധബോധാവസ്ഥയിലുള്ള യുവതിയെ 26 വയസ്സുള്ള ആര്‍‌എം‌ഒ ബലാത്സംഗത്തിനിരയാക്കി എന്നാണ് ആരോപണം.

വിശാല്‍ വണ്ണെ എന്ന ഡോക്ടര്‍ കുറ്റസമ്മതം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത കിടക്കയിലെ രോഗി ഗാഡ നിദ്രയിലായിരുന്ന സമയത്ത് വെളുപ്പിന് 2 മണിക്കും 5 മണിക്കും ഇടയിലാണ് ബലാത്സംഗം നടന്നത്. രക്തസമ്മര്‍ദ്ദം കുറഞ്ഞതു കാരണം യുവതി അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന സമയത്താണ് ബലാത്സംഗം നടന്നത്. അതിനാല്‍, അവര്‍ക്ക് കരഞ്ഞ് ബഹളം കൂട്ടി രക്ഷപെടാന്‍ കഴിഞ്ഞില്ല എന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലാണ് വാണ്ണെ ലോട്ടസ് ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്. ഡോക്ടറെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

വെബ്ദുനിയ വായിക്കുക