ബിഎസ്പി എംഎല്‍എ പുരുഷോത്തം നരേഷ് ദ്വിവേദി മാനഭംഗപ്പെടുത്തിയ ദളിത് വീട്ടുജോലിക്കാരിയെ 50,000 രൂപയ്ക്ക് രജ്ജു എന്നയാള്‍ വാങ്ങിയതാണെന്ന് കേസന്വേഷണം നടത്തുന്ന സിബി-ഐഐഡി സംഘം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്.
മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഹര്‍നാംപൂരില്‍ മുത്തച്ഛന്റെ കൂടെയായിരുന്നു ബലാത്സംഗത്തിന് ഇരയായ നീലു താമസിച്ചിരുന്നത്. 2010 ഒക്ടോബര്‍ ഏഴിന് പെണ്‍കുട്ടി അപ്രത്യക്ഷയാവുകയായിരുന്നു. തുടര്‍ന്ന്, രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തില്‍ നീലുവിനെ ഒരു കോണ്‍സ്റ്റബിളും ഗ്രാമത്തലവനും അടങ്ങുന്ന സംഘം കടത്തിക്കൊണ്ടു പോയി രജ്ജുവിന് വിറ്റു എന്ന് മനസ്സിലാവുകയും അവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, രജ്ജുവിനൊപ്പം നീലു ഒളിച്ചോടുകയായിരുന്നു എന്നും ഇരുവരും വിവാഹം ചെയ്തിട്ടുണ്ട് എന്നും പുരുഷോത്തം മാധ്യമങ്ങളെ ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ഇയാള്‍ക്ക് വിവാഹ സംബന്ധമായ രേഖകള്‍ ഒന്നും ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന്, നീലുവിന്റെ പിതാവ് അച്ചേയിലാല്‍ എംഎല്‍എയുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. നീലുവിനെ പൊലീസ് സഹായത്തോടെ മോചിപ്പിച്ച പുരുഷോത്തം അവളെ തന്റെ വീട്ടില്‍ നിര്‍ത്തിയാല്‍ രജ്ജുവില്‍ നിന്ന് രക്ഷപെടുത്താന്‍ സാധിക്കും എന്ന് അച്ചേയിലാലിനെ ധരിപ്പിച്ചു.
എന്നാല്‍, സ്വന്തം വീട്ടില്‍ വച്ച് നീലുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പുരുഷോത്തം അവള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസു കൊടുക്കുകയും ജയിലിലാക്കുകയും ചെയ്തു. ബലാത്സംഗ കഥ പുറത്തു പറയുമെന്ന് പറഞ്ഞതിനെ തുടര്‍ന്നായിരുന്നു തന്റെ പിസ്റ്റളും രൂപയും മോഷ്‌ടിച്ചു എന്ന കേസില്‍ നീലുവിനെ പ്രതിയാക്കിയത്.
പാര്‍ട്ടിക്ക് കളങ്കം വരുത്തിയ എംഎല്‍എയെ മുഖ്യമന്ത്രി മായാവതി കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.