യുപി‌എയ്ക്ക് രണ്ട്, കോണ്‍ഗ്രസ് പിന്നോട്ട്!

ഞായര്‍, 22 മെയ് 2011 (11:23 IST)
PTI
രണ്ടാം യുപി‌എ സര്‍ക്കാരിന് മെയ് 22 ന് രണ്ട് വയസ്സ് തികയുന്നു. എന്നാല്‍, രണ്ടാം വാര്‍ഷികത്തില്‍ യുപി‌എയിലെ വല്യേട്ടനായ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയില്ല. കോണ്‍ഗ്രസ് ജനപ്രീതിയുടെ കാര്യത്തില്‍ പിന്നോട്ട് പോകുന്നതായി ഒരു സര്‍വെ ഫലം വ്യക്തമാക്കുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണിതെന്നാണ് ജനാഭിപ്രായം. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ അഴിമതിയായ 2ജി ഇടപാടിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഏറ്റെടുക്കണമെന്നും ജനങ്ങള്‍ പ്രതികരിക്കുന്നു. സ്റ്റാര്‍ ന്യൂസ്-നീല്‍‌സണ്‍ സര്‍വെയിലാണ് യുപി‌എ സര്‍ക്കാരിന്റെ തകര്‍ന്ന പ്രതിച്ഛായയെ കുറിച്ച് പറയുന്നത്.

ഇന്ത്യയിലെ 28 നഗരങ്ങളില്‍ നടത്തിയ സര്‍വെയില്‍ 9,000 ആളുകളാണ് പ്രതികരിച്ചത്. സര്‍വെ പ്രകാരം തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസിന് 30 ശതമാനം വോട്ട് മാത്രമായിരിക്കും ലഭിക്കുക - അതായത്, കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനെക്കാള്‍ ഏഴ് ശതമാനം കുറവ്! എന്നാല്‍, ഈ അവസരം മുതലെടുക്കാന്‍ ബിജെപിക്ക് കഴിയുന്നുമില്ല. പാര്‍ട്ടിയുടെ വോട്ട് ശതമാനം 23 ആയി നിലനില്‍ക്കുന്നു.

നേതാക്കളുടെ കാര്യത്തില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് ഒന്നാം സ്ഥാനത്ത് തന്നെ - റേറ്റിംഗ് 21 ശതമാനം. രാഹുല്‍ 19 ശതമാനം പിന്തുണയുമായി തൊട്ടു പിന്നിലുണ്ട്. മൂന്നാം സ്ഥാനം സോണിയ ഗാന്ധിക്കും (14 ശതമാനം) നാലാം സ്ഥാനം ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കും (12 ശതമാനം) ആണ്.

സര്‍വെയില്‍ പ്രതികരിച്ച 41 ശതമാനം യുപി‌എ ഭരണം നല്ലതാണെന്ന് പ്രതികരിച്ചപ്പോള്‍ 19 ശതമാനം സര്‍ക്കാരിന്റെ പ്രതികരണം വളരെ മോശമാണെന്നും പ്രതികരിച്ചു. വിലക്കയറ്റത്തിന്റെ കാര്യത്തില്‍ സര്‍വെയില്‍ പ്രതികരിച്ച 66 ശതമാനം പേര്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ചു. ഇവരില്‍ പകുതിപ്പേര്‍ അഴിമതിക്കാര്യത്തിലും സര്‍ക്കാരിന്റെ പ്രകടനത്തെ വിമര്‍ശിച്ചു.

ഗ്രാമങ്ങളിലെ സ്ഥിതിക്ക് മാറ്റമില്ല എന്ന് 41 ശതമാനവും കര്‍ഷകരുടെ സ്ഥിതി മോശമായി തുടരുന്നു എന്ന് 43 ശതമാനവും ഭൂമി ഏറ്റെടുക്കല്‍ പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു എന്ന് 51 ശതമാനം ആളുകളും പ്രതികരിച്ചു.

പാകിസ്ഥാനെതിരെ യുഎസ് നേവി സീലുകള്‍ നടത്തിയതു പോലെയുള്ള ആക്രമണം നടത്തണമെന്ന് 81 ശതമാനം ആളുകള്‍ അഭിപ്രായപ്പെട്ടു. രാജ്യം ഭീകരവിരുദ്ധ മേഖലയില്‍ പരാജയപ്പെടുന്നു എന്ന് 44 ശതമാനം ആളുകള്‍ പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക