മോദി വിളിച്ചു, പളനിസാമി പ്രഖ്യാപിച്ചു; അണ്ണാഡിഎംകെ അമ്മയുടെ വോട്ട് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക്

വ്യാഴം, 22 ജൂണ്‍ 2017 (12:32 IST)
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ചതോടെയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാമെന്ന് അണ്ണാഡിഎംകെ അമ്മ ഘടകം തീരുമാനിച്ചത്. വെള്ളിയാഴ്ച എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന വേളയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും പിന്തുണയറിയിച്ച് അദ്ദേഹത്തോടോപ്പമുണ്ടാകുമെന്നാണ് സൂചന. 
 
എംഎല്‍എമാരും എംപിമാരും മന്ത്രിമാരും തമ്മില്‍ കൂടിയാലോചന നടത്തിയതിന് ശേഷം ഐകകണ്‌ഠേനെയാണ് പിന്തുണ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് പളനിസാമി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ശശികലയാണ് പിന്തുണയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നായിരുന്നു പരപ്പന അഗ്രഹാര ജയിലില്‍ ശശികലയെ കാണാന്‍ പോയ ടിടിവി ദിനകരന്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പളനിസാമി എന്‍‌ഡിഎക്കുള്ള പിന്തുണ അറിയിച്ചത്.
 

വെബ്ദുനിയ വായിക്കുക