മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് ഡല്‍ഹി സര്‍വകലാശാല

ചൊവ്വ, 10 മെയ് 2016 (21:01 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വിശദീകരണവുമായി ഡല്‍ഹി സര്‍വകലാശാല. സര്‍വകലാശാലയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോദിയുടെ ബിഎ ബിരുദ സര്‍ട്ടിഫിക്കറ്റ് യഥാര്‍ത്ഥമാണെന്ന് ഡല്‍ഹി സര്‍വകലാശാല രജിസ്ട്രാര്‍ തരുണ്‍ ദാസ് പറഞ്ഞു. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ആരോപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രംഗത്തെത്തിയിരുന്നു. ഇതിന് വിശദീകരണവുമായാണ് സര്‍വകലാശാലാ അധികൃതര്‍ രംഗത്തെത്തിയത്.
 
‘ഇതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ സര്‍വകലാശാലാ രേഖകള്‍ പരിശോധിച്ചു. രേഖകള്‍ പ്രകാരം 1979 മോദി ബിരുദം നേടിയിട്ടുണ്ട്. മോദി തെരഞ്ഞെടുപ്പ് സമയത്ത് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ല. 1978 പരീക്ഷ എഴുതിയ മോദിക്ക് 1979ല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് കൈമാറിയിരുന്നു.’- തരുണ്‍ ദാസ് പറഞ്ഞു. 
 
എന്നാല്‍, സര്‍ട്ടിഫിക്കറ്റുകള്‍ കൈകൊണ്ട് എഴുതി നല്‍കുന്ന കാലത്ത് മോദിക്ക് മാത്രം എങ്ങനെ പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് ലഭിച്ചൂ എന്ന ചോദ്യത്തിന് തരുണ്‍ ദാസ് മറുപടി നല്‍കിയില്ല. ഇപ്പോള്‍ മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്ന് മാത്രമേ പറയാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. 
 
അതേസമയം, പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോ എന്നറിയാന്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പരിശോധനയ്ക്കെത്തിയ ആം ആദ്മി നേതാക്കളോട് ബുധനാഴ്ച ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാം എന്നായിരുന്നു സര്‍വകലാശാല അധികൃതര്‍ പറഞ്ഞിരുന്നത്. സന്ദര്‍ശനത്തിന് പിന്നാലെയാണ് വിശദീകരണവുമായി സര്‍വകലാശാല അധികൃതര്‍ രംഗത്തെത്തിയത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക