മോഡി: നിതീഷിന്റെ ആവശ്യം ബിജെപി തള്ളി

ബുധന്‍, 23 ജൂണ്‍ 2010 (15:22 IST)
ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്രമോഡിയെയും വരുണ്‍ഗാന്ധിയെയും ഉള്‍പ്പെടുത്തരുത് എന്ന ജനതാദള്‍ (യു) ആവശ്യം ബിജെപി തള്ളിക്കളഞ്ഞു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്ന് ബിജെപി ബുധനാഴ്ച ജെഡി (യു) നേതൃത്വത്തെ അറിയിച്ചു.

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മോഡിയെയും വരുണിനെയും ഒഴിവാക്കണമെന്ന നിതീഷ് കുമാറിന്റെ ആവശ്യം സംസ്ഥാനത്തെ ബിജെപി-ജെഡി (യു) ഭരണ സഖ്യത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. സഖ്യകക്ഷിയുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല എന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.

മോഡിയുമായി കൈകോര്‍ത്ത് നില്‍ക്കുന്ന പരസ്യ ചിത്രം പത്രങ്ങളില്‍ വന്നതിനെതിരെ നിതീഷ് കുമാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായി കോസി വെള്ളപ്പൊക്ക ദുരിതാശ്വാസമായി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ തുക തിരിച്ചു നല്‍കിയത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ അന്വേഷണം നടത്താന്‍ പൊലീസ് സംഘത്തെ സൂററ്റിലേക്ക് അയച്ചിരുന്നു എങ്കിലും ബിജെപി രൂക്ഷമായി പ്രതികരിച്ചതിനാല്‍ നിതീഷ് അന്വേഷണ സംഘത്തെ തിരിച്ചു വിളിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക