മോഡിയെ അമേരിക്കയിലെത്തിക്കാനുള്ള കണ്ണന്താനത്തിന്റെ ശ്രമം പരാജയം

വ്യാഴം, 21 ഫെബ്രുവരി 2013 (10:58 IST)
PRO
ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിക്കുള്ള യുഎസ് ഏര്‍പ്പെടുത്തിയ യാത്രാനിരോധനം പിന്‍വലിപ്പിക്കാന്‍ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗമായ അല്‍ഫോണ്‍സ്‌ കണ്ണന്താനം നടത്തിയ ശ്രമം പരാജയപ്പെട്ടു.

യുഎസ്‌ കോണ്‍ഗ്രസ്‌ അംഗങ്ങളെ കണ്ടു പരിശ്രമിച്ച കണ്ണന്താനത്തിനു വിലക്കു പിന്‍വലിക്കുന്നതു സംബന്ധിച്ചു യാതൊരു ഉറപ്പും ലഭിച്ചില്ലെന്നാണ് സൂചന. ഈ മാസം ഏഴിനാണു പ്രസിഡന്റ്‌ ബരാക്‌ ഒബാമ പങ്കെടുക്കുന്ന ഔദ്യോഗിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അല്‍ഫോണ്‍സ്‌ കണ്ണന്താനം അമേരിക്കയിലെത്തിയത്‌.

ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍ അദ്ദേഹം പ്രസംഗിക്കുകയും ചെയ്‌തു. ഇതിനിടയിലാണു മുതിര്‍ന്ന സെനറ്റര്‍മാര്‍ അടക്കമുള്ള മുന്‍നിര രാഷ്‌ട്രീയക്കാരെക്കണ്ടു മോഡിയുടെ യാത്രാവിലക്കു പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തിയത്‌.

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നരേന്ദ്രമോഡിയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ബോധ്യപ്പെടുത്തുകയായിരുന്നു കണ്ണന്താനത്തിന്റെ ലക്ഷ്യം. മോഡിക്കു വിസ അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നു യുഎസ്‌ വിദേശകാര്യ അസിസ്‌റ്റന്റ്‌ സെക്രട്ടറി റോബര്‍ട്ട്‌ ബ്ലേക്ക്‌ കഴിഞ്ഞദിവസം ന്യൂഡല്‍ഹിയില്‍ അറിയിച്ചു.

മോഡിയെ ബഹിഷ്കരിക്കാനുള്ള തീരുമാനം അടുത്തിടെ യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിച്ചിരുന്നു. അമേരിക്കന്‍ സര്‍ക്കാരും സമാന തീരുമാനം കൈകൊള്ളുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ശ്രമങ്ങളും പരാജയമടഞ്ഞത്.

കലാപവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ എല്ലാ കേസുകളും തീര്‍പ്പായശേഷമേ ഇക്കാര്യത്തില്‍ പുനപരിശോധനയുള്ളൂ എന്ന്‌ അദ്ദേഹം പറഞ്ഞു. 2002ലെ ഗുജറാത്ത്‌ കലാപത്തെ തുടര്‍ന്നാണു മോഡിക്കു അമേരിക്ക വിസ നിഷേധിച്ചത്‌. ഈ തീരുമാനം മാറ്റരുതെന്ന് അമേരിക്കന്‍ മുസ്ലിം കമ്മിറ്റി ആവശ്യം ഉന്നയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക