മോഡിയുടെ കമാന്‍ഡോ സുരക്ഷ വര്‍ദ്ധിപ്പിച്ചപ്പോള്‍ അദ്വാനിയുടെ കുറയ്ക്കുന്നു
ബുധന്‍, 18 സെപ്‌റ്റംബര്‍ 2013 (08:28 IST)
PTI
PTI
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതുകൊണ്ട് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ എല്‍കെ അദ്വാനിയുടെ സുരക്ഷ കമാന്‍ഡോകളെ പിന്‍വലിക്കാന്‍ അനുമതി തേടി എന്‍എസ്ജി ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചു.
സെഡ് പ്ലസ് സുരക്ഷയുള്ള മറ്റു 16 വിവിഐപികളുടെ വീടിന് മുന്നില്‍ കമാന്‍ഡോ സേവനമില്ലെന്ന് എന്‍എസ്ജി പറയുന്നു. വ്യക്തി സുരക്ഷ മാത്രമാണ് എന്‍എസ്ജിയുടെ ഉത്തരവാദിത്തം. വീടിന്റെ സുരക്ഷ ഡല്‍ഹി പൊലീസിന്റെ ഉത്തരവാദിത്തമാണെന്ന നിലപാടാണ് എന്‍എസ്ജിയുടേത്.
വാഹനവും അഞ്ച് കമാന്‍ഡോകളും ഉള്‍പ്പെടുന്ന സംഘമാണ് അദ്വാനിയുടെ വീടിന് മുന്നിലുള്ളത്. ഷിഫ്റ്റ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ 18 കമാന്‍ഡോകളെയാണ് വീടിന്റെ സുരക്ഷയ്ക്കായി എന്‍എസ്ജി നിയോഗിച്ചിരിക്കുന്നത്.
എന്‍ഡിഎ ഭരണകാലത്ത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അദ്വാനി സ്വന്തം നിലയില്‍ സുരക്ഷാ വിന്യാസത്തില്‍ എടുത്ത തീരുമാനമാണ് ഇപ്പോഴും തുടരുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് വീടിന് മുന്നിലെ സുരക്ഷ എടുത്തു കളയാന്‍ എന്‍എസ്ജി ആവശ്യപ്പെട്ടെങ്കിലും അദ്വാനിയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.