മെയ് ഒന്നിന് ശേഷം മഹാരാഷ്ട്രയില്‍ ഐ പി എല്‍ മത്സരങ്ങള്‍ നടത്തരുതെന്ന് സുപ്രീം കോടതി

ബുധന്‍, 27 ഏപ്രില്‍ 2016 (14:05 IST)
മെയ് മാസത്തില്‍ മഹാരാഷ്ട്രയില്‍ നടത്താനിരുന്ന ഐ പി എല്‍ മത്സരങ്ങള്‍ക്ക് സുപ്രീം കോടതി വിലക്ക് ഏര്‍പ്പെടുത്തി. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഐ പി എല്‍ മത്സരങ്ങള്‍ നടത്തുന്നത് ഉചിതമല്ലെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി നടത്തിയ വിധി സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. സുപ്രീം കോടതി വിധിയോടെ മഹാരാഷ്ട്രയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന 13 മത്സരങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റേണ്ടിവരും.
 
ഗ്രൌണ്ട് പരിപാലനത്തിനും മറ്റുമായി വലിയ അളവില്‍ ജലം പാഴാക്കുന്നതായി ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ സംസ്ഥാനം കടുത്ത ജല ക്ഷാമം നേരിടുമ്പോള്‍ നാഗ്പുര്‍, പൂനെ, മുംബൈ എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ക്കായി ജലം പാഴാക്കുന്നതിനെതിരെ കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.
 
മത്സരം നടത്താ‍ന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ക്രിക്കറ്റ് അസോസിയേഷനുകള്‍ ഉള്‍പ്പെടുന്ന ഐ പി എല്‍ സംഘാടകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശുദ്ധീകരിച്ചെടുത്ത ജലമാണ് പിച്ച് നന്നാക്കാന്‍ ഉപയോഗിക്കുന്നത് എന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം. വരള്‍ച്ച ബാധിത മേഖലയില്‍ 60 ലക്ഷം ലിറ്റര്‍ ശുദ്ധജലം എത്തിക്കാമെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക