മൃതദേഹത്തിനും രക്ഷയില്ല, കണ്ണ് എലി കരണ്ടു?

ചൊവ്വ, 1 മാര്‍ച്ച് 2011 (12:04 IST)
PRO
സര്‍ക്കാര്‍ ആശുപത്രികളിലെ കെടുകാര്യസ്ഥത വ്യക്തമാക്കുന്ന ഒരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലുധിയാന സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹത്തിന്റെ കണ്ണ് നഷ്ടമായി എന്ന് ബന്ധുക്കള്‍ പരാതിപ്പെടുന്നു. എന്നാല്‍, മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടതാവാമെന്നാണ് ആശുപത്രിയധികൃതര്‍ പറയുന്നത്.

ഫെബ്രുവരി 15 ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പരം‌ജിത് സിംഗ് എന്നയാളുടെ ഇടത് കണ്ണാണ് കാണാതായത്. കണ്ണ് നഷ്ടമായതിന് എലികളെ കുറ്റം പറയുന്ന ആശുപത്രിയധികൃതര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണെന്നാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. മൃതദേഹത്തില്‍ നിന്ന് കണ്ണ് മോഷ്ടിക്കപ്പെട്ടതാവാമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

രണ്ട് ഫ്രിഡ്ജ് മാത്രമുള്ള ലുധിയാന സിവില്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ യഥാര്‍ത്ഥത്തില്‍ നാല് മൃതദേഹങ്ങള്‍ മാത്രമേ ഒരേ സമയം കേടു കൂടാതെ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നാല് മൃതദേഹത്തിലധികം സൂക്ഷിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പലപ്പോഴും തുറന്ന അന്തരീക്ഷത്തിലായിരിക്കും അവ സൂക്ഷിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ചും അവയവക്കച്ചവടം നടക്കുന്നു എന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് മരിച്ച പരംജിത്തിന്റെ ബന്ധുക്കളുടെ ആരോപണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

വെബ്ദുനിയ വായിക്കുക