മുംബൈ ആക്രമണത്തിലെ പ്രതികളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് പാകിസ്ഥാന് വീണ്ടും ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്‍റെ വിമര്‍ശനം. സഖി-ഉര്‍- റഹ്‌മാന്‍ ലഖ്‌വിയാണ് മുംബൈ ആക്രമണത്തിന്‍റെ മുഖ്യസൂത്രധാരനെന്ന പാകിസ്ഥാന്‍റെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന്‍റെ വിമര്‍ശനം.
മുംബൈ ആക്രമണത്തിന്‍റെ ആസൂത്രകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള കടമയില്‍ നിന്ന് പാകിസ്ഥാന്‍ പിന്നോക്കം മാറുകയാണെന്ന് ചിദംബരം കുറ്റപ്പെടുത്തി. മുംബൈയിലെ രക്തച്ചൊരിച്ചിലിന് ഉത്തരവാദികളായവരെ പിടികൂടാന്‍ ഗൌരവമായ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നാണ് ഈ ദൌത്യത്തില്‍ നിരന്തരം പരാജയപ്പെടുന്നതിലൂടെ പാകിസ്ഥാന്‍ വിളിച്ചുപറയുന്നത്. പാകിസ്ഥാന്‍റ നടപടികളില്‍ ചിദംബരം കടുത്ത അസംതൃപ്തിയും രേഖപ്പെടുത്തി.
ലഖ്‌വിയല്ലാതെ പാകിസ്ഥാനിലുള്ള മറ്റു പലര്‍ക്കും മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്നും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്നും ചിദംബരം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കറാച്ചിയിലെ ഭീകരവിരുദ്ധ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ലഖ്‌വിയാണ് മുംബൈ ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ എന്ന് പാകിസ്ഥാന്‍ പരാമര്‍ശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്ത ഏഴുപേരുടെ വിചാരണയുടെ ഭാഗമായിട്ടായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
മുംബൈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ ചൂണ്ടിക്കാട്ടിയ പലരെയും പാകിസ്ഥാന്‍ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ചിദംബരത്തിന്‍റെ വിമര്‍ശനം. ഇന്ത്യയുടെയും അമേരിക്കയുടെയും മറ്റും കണ്ണില്‍ പൊടിയിടാനാണ് പാകിസ്ഥാന്‍ ഇങ്ങനൊരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതെന്നും ആരോപണമുയര്‍ന്നിരുന്നു. മുംബൈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യ ചൂണ്ടിക്കാട്ടിയ ജമാ അത്ത് ഉദ്ദവ നേതാവ് ഹാഫീദ് സയ്യീദ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഇനിയും കാര്യമായ നടപടി സ്വീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.