മന്‍‌മോഹന്‍ സിംഗും നവാസ് ഷെരീഫും ഞായറാഴ്ച കൂടിക്കാഴ്ച നടത്തും

ബുധന്‍, 25 സെപ്‌റ്റംബര്‍ 2013 (12:01 IST)
PRO
യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന മന്‍മോഹന്‍ സിംഗും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മില്‍ ചര്‍ച്ചകള്‍ നടത്തും. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‌ഞായറാഴ്ചയായിരിക്കും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടക്കുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് ഒരു ദിവസം മുന്‍പാണ് നവാസ് ഷെരീഫ് പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അപലപിക്കുന്ന എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പക്ഷേ എന്തെങ്കിലും ഉറപ്പ് പാകിസ്ഥാനില്‍ നിന്ന് ലഭിച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

താന്‍ പാകിസ്ഥാന്‍,​ നേപ്പാള്‍,​ ബംഗ്ലാദേശ് എന്നീ രാഷ്‌ട്രങ്ങളുടെ തലവന്മാരുമായി ചര്‍ച്ച നടത്തുമെന്ന് മന്‍‌മോഹന്‍ സിംഗ് പറഞ്ഞിരുന്നു. അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങളെത്തുടര്‍ന്ന് ഇന്ത്യാ​-പാക് ബന്ധങ്ങള്‍ വഷളായിരുന്നു. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനുമായി ചര്‍ച്ചകള്‍ നടത്തരുതെന്ന് ബിജെപിയുടെ ആവശ്യത്തെ എതിര്‍ത്താണ് പ്രധാനമന്ത്രി ചര്‍ച്ചക്കൊരുങ്ങുന്നത്.

വെബ്ദുനിയ വായിക്കുക