ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രത്യേക കോടതിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
മദനിയുടെ ചികിത്സ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ ബാംഗ്ലൂര്‍ ശാഖയില്‍ ഏര്‍പ്പാടാക്കാനും സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചുകൊണ്ടാണു സുപ്രീംകോടതി മദനിയുടെ ജാമ്യാപേക്ഷ തള്ളിയത്. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിക്കു പങ്കില്ലെന്ന് കുറ്റപത്രത്തില്‍ തന്നെ വ്യക്തമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. മദനിയുടെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് മലപ്പുറത്തെ കോട്ടയ്ക്കലില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
അതേസമയം മദനിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. 2010 ഓഗസ്റ്റില്‍ അറസ്റ്റിലായ മദനിയെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.