മക്കയില്‍ പോകാന്‍ ഖുര്‍ഷിദിന്റെ പേരില്‍ വ്യാജകത്ത് തയ്യാറാക്കി

ചൊവ്വ, 2 ഏപ്രില്‍ 2013 (17:10 IST)
PRO
PRO
മക്കയിലും മദീനയിലും തീര്‍ത്ഥാടനം നടത്താനായി വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പേരില്‍ വ്യാജകത്ത് തയ്യാറാക്കി സൌദി അധികൃതര്‍ക്ക് നല്‍കിയ ആള്‍ക്കെതിരെ കേസ്.

വ്യാജ കത്ത് ലഭിച്ച സൌദി കോണ്‍സല്‍ ജനറല്‍ ഇത് സൌദി അംബാസഡര്‍ വഴി വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. ഒരു അബ്ദുള്‍ സത്താറിനും കുടുംബത്തിനും മെക്കയും മദീനയും സന്ദര്‍ശിക്കാന്‍ വിസ അനുവദിക്കണം എന്നാണ് കത്തിലുള്ളത്.

കത്തിന്റെ ഉള്ളടക്കവും മന്ത്രിയുടെ ഒപ്പും വ്യാജമാണെന്ന് മന്ത്രാലയം ജോയിന്റ് സെക്രട്ടറി മലയ് കെ സിംഗ് അറിയിച്ചു.

ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധവകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

വെബ്ദുനിയ വായിക്കുക