ഭീംസെന്‍ ജോഷിക്ക് ഭാരത രത്ന നല്‍കി

ചൊവ്വ, 10 ഫെബ്രുവരി 2009 (16:28 IST)
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഭീംസെന്‍ ജോഷിക്ക് രാജ്യം ഭാരത രത്ന നല്‍കി ആദരിച്ചു. എണ്‍പത്തിയേഴുകാരാനാ‍യ ഭീംസെന്നിന്‍റെ പൂനെയിലെ വസതിയില്‍ വച്ച് ചൊവ്വാഴ്ച നടന്ന ലളിതമായ ചടങ്ങിലാണ് രാജ്യത്തെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചത്.

ലതാ മകേഷ്കര്‍, ഉസ്താദ് ബിസ്മില്ല ഖാന്‍ എന്നിവര്‍ക്കാണ് അവസാനം ഭാരത രത്ന ബഹുമതി ലഭിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ഭാരത രത്ന പ്രഖ്യാപിച്ചിരുന്നില്ല. കലാസാംസ്കാരിക വിഭാഗത്തില്‍ നിന്ന് ഭാരത രത്ന ലഭിക്കുന്ന ആറാമത്തെയാളും സംഗീത വിഭാഗത്തില്‍ നിന്ന് ഇന്ത്യയിലെ പരമോന്നത ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ ആളുമാണ് ഭീംസെന്‍ ജോഷി.

ഡല്‍ഹിയിലെത്തി രാഷ്ട്രപതിയുടെ കൈയ്യില്‍ നിന്ന് ബഹുമതി ഏറ്റുവാങ്ങാന്‍ ഭീംസെന്നിനെ ക്ഷണിച്ചിരുന്നു. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനാല്‍ യാത്ര ചെയ്യുന്നില്ല എന്നും വീട്ടില്‍ വച്ച് ബഹുമതി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്നുമായിരുന്നു ഭീംസെന്‍ അറിയിച്ചത്.

ഭീംസെന്നിന്‍റെ സൌകര്യാര്‍ത്ഥമാണ് അദ്ദേഹത്തിന്‍റെ വീട്ടില്‍ വച്ച് ബഹുമതി നല്‍കി ആദരിച്ചത്. ആഭ്യന്തര വകുപ്പില്‍ നിന്നുള്ള ഒരു അഡീഷണല്‍ സെക്രട്ടറിയാണ് ബഹുമതി നല്‍കാനായി സര്‍ക്കാരിനെ പ്രതിനിധീകരിച്ച് എത്തിയത്.

സത്യജിത് റേ, എം എസ് സുബ്ബലക്ഷ്മി, പണ്ഡിറ്റ് രവിശങ്കര്‍, ലതാ മങ്കേഷകര്‍ , ഉസ്താദ് ബിസ്മില്ല ഖാന്‍ എന്നിവര്‍ക്കാണ് കലാ സാംസ്കാരിക രംഗത്ത് നിന്ന് ഭാരത രത്ന ലഭിച്ചിട്ടുള്ളവര്‍.

വെബ്ദുനിയ വായിക്കുക