ഭട്കലിനെ ഛോട്ടാ രാജന്‍ വധിച്ചു?

ബുധന്‍, 12 ജനുവരി 2011 (11:44 IST)
PRO
PRO
ഇന്ത്യ അന്വേഷിക്കുന്ന ഭീകരന്‍ റിയാസ് ഭട്കലിനെ പാകിസ്ഥാനില്‍ വച്ച് വെടിവച്ചു കൊന്നു എന്ന് അധോലോക നായകന്‍ ഛോട്ടാ രാജന്‍ അവകാശപ്പെട്ടു. ഐബിയും മുംബൈ ഭീകര വിരുദ്ധ സ്ക്വാഡും രാജന്റെ അവകാശവാദത്തെ കുറിച്ച് അന്വേഷണം നടത്തുകയാണ്.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകര സംഘടനയുടെ സ്ഥാപകരില്‍ ഒരാളാണ് റിയാസ് ഭട്കല്‍, കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയായ ഇയാള്‍ ബാംഗ്ലൂര്‍, ജയ്പൂര്‍, അഹമ്മദാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നടന്ന സ്ഫോടനങ്ങളിലെ മുഖ്യ പ്രതിയാണ്.

റിയാസ് ഭട്കലിനെയും അന്‍‌വര്‍ എന്ന സഹായിയെയും കറാച്ചിയിലെ ഗുല്‍‌ഷന്‍ ഇഖ്ബാല്‍ പ്രദേശത്തു വച്ച് വെടിവച്ചു കൊന്നതായാണ് ഛോട്ടാ രാജന്‍ അവകാശപ്പെടുന്നത്. കറാച്ചിയിലെ ജിയാവുദ്ദീന്‍ ആശുപത്രിയിലെ ഇരുനൂറ്റി ഇരുപത്തിരണ്ടാം കിടക്കയില്‍ വച്ചാണ് ഭട്കല്‍ അന്ത്യശ്വാസം വലിച്ചത് എന്നും അബ്ദുള്‍ അസീസ് ഭിദാനി എന്നയാളാണ് ഭട്കലിനെ തിരിച്ചറിഞ്ഞതെന്നും രാജന്‍ പറയുന്നു.

ഇന്ത്യയില്‍ സ്ഫോടനങ്ങള്‍ നടത്തിയ ശേഷം ഭട്കല്‍ പാകിസ്ഥാനിലേക്ക് കടക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക