ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയും അംഗീകാരം നല്‍കി
വെള്ളി, 5 ജൂലൈ 2013 (11:03 IST)
PTI
PTI
ഭക്ഷ്യസുരക്ഷാ ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയും അംഗീകാരം നല്‍കി. കേന്ദ്രമന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചു. ബില്‍ നിയമമായത്തോടെ ഗ്രാമീണ ജനവിഭാഗത്തിന് 75 ശതമാനത്തിനും നഗര ജനവിഭാഗത്തിന് 50 ശതമാനത്തിനും ഭക്ഷണം അവകാശമാകും. അതായത് 80 കോടി ജനങ്ങള്‍ക്കാണ് ഈ നിയമത്തിന്റെ പ്രയോജനം ലഭിക്കുക.
ഓര്‍ഡിനന്‍സ് നിയമമാകുന്നതോടെ രാജ്യത്തെ 80 കോടി ജനങ്ങള്‍ക്ക് ഭക്ഷണം അവകാശമാകും. അമ്മമാരുടെ പേരിലാകും റേഷന്‍ കാര്‍ഡുകള്‍. കുടുംബത്തിലെ യോഗ്യതയുള്ള ഒരു വ്യക്തിക്ക് ഒരു മാസം സബ്‌സിഡിയോടെ അഞ്ചു കിലോ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകും.
പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് ഒരു മാസം മൂന്നു കിലോ ഭക്ഷ്യധാന്യങ്ങള്‍ താങ്ങുവിലയുടെ 50 ശതമാനത്തില്‍ കൂടാതെ അനുവദിക്കും. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും സൗജന്യമായി ഭക്ഷണം. ഗര്‍ഭകാല സഹായമായി 6000 രൂപയും നല്‍കും. ആറു മാസം മുതല്‍ ആറു വയസു വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം.
നിയമപ്രകാരം അര്‍ഹമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ അലവന്‍സ് നല്‍കണം. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിനായി പ്രതിവര്‍ഷം 61.23 ദശലക്ഷം ഭക്ഷധാന്യങ്ങള്‍ വേണമെന്നാണ് സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. ഇതിന് 1,30,000 കോടി രൂപയോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.