ബുധിയയെ ഒറീസ സര്‍ക്കാര്‍ ഏറ്റെടുക്കും

ചൊവ്വ, 14 ഓഗസ്റ്റ് 2007 (14:47 IST)
ബാല മാരത്തോണ്‍ താരം ബുധിയ സിംഗിന്‍റെ സംരക്ഷണ ചുമതല ഒറീസ സര്‍ക്കാര്‍ ഏറ്റെടുക്കും.

‘ബുധിയയെ സ്‌പോര്‍ട്സ് സ്കൂളില്‍ ചേര്‍ക്കാനുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്തു കൊടുക്കും. ബുധിയയുടെ അമ്മക്ക് ഇഷ്‌ടമുള്ള സ്കൂളില്‍ അവനെ ചേര്‍ക്കാം. സര്‍ക്കാര്‍ എല്ലാ ചെലവും വഹിക്കും‘- സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി പ്രമീള മല്ലിക് പറഞ്ഞു.

ബുധിയയുടെ കോച്ചായ ബീരഞ്ചി ദാസിനെ ബുധിയയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലാണ് ഈ തീരുമാനം സര്‍ക്കാര്‍ എടുത്തത്.

ബീരഞ്ചി ദാസ് ബുധിയയെ പരിശീലിപ്പിക്കുന്നതിനെ തുടക്കം മുതലേ പ്രമീള മല്ലിക് എതിര്‍ത്തിരുന്നു. ദാസ് ഒരു ജുഡോ പരിശീലകനായതു കൊണ്ട് ഇദ്ദേഹത്തിന്‍റെ കോച്ചിംഗ് ബുധിയക്ക് ദോഷമേ ചെയ്യുകയുള്ളൂവെന്ന് മല്ലിക് വാദിച്ചിരുന്നു.

ഇതിനിടയില്‍ ഒരു ജുഡീഷ്യല്‍ കോടതി ചൊവ്വാഴ്‌ച്ച ബീരഞ്ചി ദാസിനെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു.

വെബ്ദുനിയ വായിക്കുക