ബില്‍ അടയ്ക്കാത്ത യുവാവിനെ മൂന്നാം നിലയില്‍ നിന്ന്‌ എറിഞ്ഞുകൊന്നു

ശനി, 27 ഏപ്രില്‍ 2013 (12:26 IST)
PRO
PRO
വെറും 180 രൂപയുടെ പേരില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു. ഭക്ഷണം കഴിച്ചതിന്റെ ബില്‍ തുക അടയ്ക്കാത്തതിന്റെ പേരില്‍ യുവാവിനെ ഹോട്ടലുടമയും സംഘവും കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ് കൊന്നു. തെക്കന്‍ ഡല്‍ഹിയിലെ ഐഎന്‍എ മാര്‍ക്കറ്റിലാണ് കൊല. ദീപക്‌(30) എന്നയാളാണ് കൊല്ലപ്പെട്ടത്.

ബുധനാഴ്‌ച രാത്രിയാണ്‌ സംഭവം നടന്നത്‌. ബന്ധുക്കള്‍ക്കൊപ്പം ദീപക്ക് ഹോട്ടില്‍ എത്തി ഭക്ഷണം കഴിച്ചു. എന്നാല്‍ ബില്‍ തുകയായ 180 രൂപ പിന്നീട് അടയ്ക്കാമെന്ന് ഇയാള്‍ പറഞ്ഞു. ഇത് കേട്ടതോടെ ഹോട്ടലുടമയും സംഘവും ദീപക്കിനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി. കണ്ട് നിന്ന് ബന്ധുക്കള്‍ എങ്ങനെയോ ബില്‍ തുക സംഘടിപ്പിച്ച് നല്‍കിയെങ്കിലും ഇവര്‍ മര്‍ദ്ദനം തുടര്‍ന്നു.

ഒടുവില്‍ ദീപക്കിനെ സ്വന്തം വീട്ടിലെത്തിച്ച് മര്‍ദ്ദിച്ച് മൂന്നാം നിലയിലേക്ക്‌ വലിച്ചുകൊണ്ടുപോയി. അവിടെ നിന്ന് താഴേക്ക്‌ തളളിയിടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. പൊലീസ് അന്വേഷണം തുടങ്ങി.

വെബ്ദുനിയ വായിക്കുക