ബിലാല്‍ പാക്കിസ്ഥാനില്‍ ഇല്ലെന്ന്

ചൊവ്വ, 23 ഒക്‌ടോബര്‍ 2007 (13:07 IST)
ഹൈദരബാദിലെ മെക്ക മസ്‌ജിദ് സ്‌ഫോടനം, അജ്‌മീറിലെ ചിസ്തി ദര്‍ഗ സ്‌ഫോടനം എന്നിവക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ഇന്ത്യ ആരോപിക്കുന്ന ഷാഹിദ് ബിലാല്‍ പാകിസ്ഥാനില്‍ ഇല്ലെന്ന് പാക് പ്രതിനിധികള്‍ ഇന്ത്യയെ അറിയിച്ചു. തിങ്കളാഴ്‌ച ന്യൂഡല്‍ഹിയില്‍ തീവ്രവാദത്തെ നേരിടുന്നതിനായി നടന്ന ഇന്ത്യ പാക് ചര്‍ച്ചയിലാണ് പാകിസ്ഥാന്‍ ഇക്കാര്യം ഇന്ത്യയെ അറിയിച്ചത്.

പാകിസ്ഥാന്‍ അന്വേഷണ ഏജന്‍സികള്‍ ഷാഹിദ് ബിലാലിനായി അന്വേഷണം നടത്തിയെങ്കിലും അയാളെ കണ്ടെത്തുവാനായില്ലെന്ന് പാക് പ്രതിനിധികള്‍ പറഞ്ഞു. എന്നാല്‍ അതേ സമയം ബിലാലിനായുള്ള അന്വേഷണം തുടരുമെന്ന് പാക് പ്രതിനിധികള്‍ ഇന്ത്യക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഇന്ത്യ ബലൂചിസ്ഥാനിലെ തീവ്രവാദത്തെ സഹായിക്കുന്നതായി പാകിസ്ഥാന്‍ ചര്‍ച്ചയില്‍ ആരോപണമുന്നയിച്ചു. ഇതിനു പുറമെ അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ പ്രതിനിധികള്‍പാകിസ്ഥാനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതായും പാകിസ്ഥാന്‍ പറഞ്ഞു.

2007 ജൂലൈയില്‍ നടന്ന ഇന്ത്യ പാക് ആഭ്യന്തര സെക്രട്ടറി തല ചര്‍ച്ചയില്‍ ഇന്ത്യ ബിലാലിനെ അറസ്റ്റു ചെയ്യുന്നതിനുള്ള സഹകരണം പാകിസ്ഥാനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ബിലാലിനെ ഐ.എസ്.ഐ വധിച്ചുവെന്ന് ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മാസങ്ങള്‍ക്കു മുമ്പ് പറഞ്ഞിരുന്നു. ബംഗ്ലാദേശ് ആസ്ഥാനമായ ഹര്‍ക്കത്ത് ഉള്‍ ജിഹാദ് ഇസ്ലാമി ഭീകരനാണ് ബിലാല്‍.

വെബ്ദുനിയ വായിക്കുക