ബാലു: ലോക്സഭയില്‍ ബഹളം

തിങ്കള്‍, 28 ഏപ്രില്‍ 2008 (13:13 IST)
കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി ടി ആര്‍‌ബാലുവിന്‍റെ മക്കളുടെ കമ്പനികള്‍ക്ക് പ്രകൃതിവാതകം സൌജന്യ നിരക്കില്‍ ലഭ്യമാക്കുവാന്‍ വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ആരോപിച്ച് ലോക്‍സഭയില്‍ പ്രതിപക്ഷ ബഹളം. ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്ത ബാലുവിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ചോദ്യോത്തരവേളയില്‍ ബി‌ജെപിയാണ് ഉന്നയിച്ചത്.

ചോദ്യോത്തര വേള നിറുത്തിവച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം സ്‌പീക്കര്‍ നിരസിച്ചു.

തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി നാല്‍പ്പത്തിയഞ്ച് മിനിറ്റോളം ബഹളമുണ്ടാക്കി.

തുടര്‍ന്ന് സഭാനടപടികളുടെ തത്സമയ സം‌പ്രേഷണം നിറുത്തി വയ്‌ക്കുവാനും വിളക്കുകള്‍ അണയ്‌ക്കുവാനും സ്‌പീക്കര്‍ ആവശ്യപ്പെട്ടു. ഈ വിഷയം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്ന സ്‌പീക്കറുടെ ഉറപ്പിന്‍‌മേലാണ് അംഗങ്ങള്‍ സീറ്റുകളിലേക്ക് തിരിച്ചു പോയത്.

ഈ വിഷയം ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രധാനമന്ത്രിയുടെ ഓഫീസ് ബാലുവിന്‍റെ മക്കള്‍ക്ക് സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒഎന്‍‌ജിസി, ഗെയില്‍ തുടങ്ങിയ പൊതു മേഖല സ്ഥാപനങ്ങള്‍ക്ക് എട്ട് തവണ കത്ത് നല്‍കിയെന്നാണ് പ്രതിപക്ഷ ആരോപണം.

ഈ വിഷയവുമായി എഐഎഡി‌എം‌കെ എം‌പിയായ മൈത്രേയന്‍ രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന് എന്‍ഡി‌എയേയും യു‌എന്‍‌പി‌എയേയും പിന്തുണ നല്‍കിയിരുന്നു.

വെബ്ദുനിയ വായിക്കുക