ബാബ്‌റി മസ്ജിദ് കേസ്: സിബിഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം
ചൊവ്വ, 2 ഏപ്രില്‍ 2013 (17:35 IST)
PRO
PRO
ബാബ്‌റി മസ്ജിദ് കേസില്‍ സിബിഐക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശം. ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട ബിജെപി നേതാവ് എല്‍കെ അദ്വാനിക്കും മറ്റു പ്രതികള്‍ക്കുമെതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയ നടപടിയാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ അദ്വാനിക്കും മറ്റ് നേതാക്കള്‍ക്കും അനുകൂലമായ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതിനാണ് സിബിഐയെ കോടതി വിമര്‍ശിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എച്ച്എല്‍ ദത്ത് അധ്യക്ഷനായ ഡിവിഡന്റ് ബെഞ്ച് ഉത്തരവിട്ടു. സിബിഐയുടെ അനാസ്ഥ മൂലം കേസ് 167 ദിവസം വൈകിയതായും കോടതി ചുണ്ടിക്കാട്ടി. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും നിയമോപദേശം കാത്തു നിന്നതാണ് അപ്പീല്‍ നല്‍കാന്‍ വൈകിയതെന്ന് സിബിഐ കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍ സോളിസിറ്റര്‍ ജനറലിന്റെ ഭാഗത്തു നിന്നല്ല, അപ്പീല്‍ നല്‍കാന്‍ വൈകിയതിനെക്കുറിച്ച് ബന്ധപ്പെട്ട അധികൃതരാണ് ശ്രദ്ധപതിപ്പിക്കേണ്ടിരുന്നതെന്ന് കോടതി പറഞ്ഞു.
ബാബ്‌റി മസ്ജിദ് കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റം ചുമത്തപ്പെട്ട എല്‍ കെ അദ്വാനി, കല്യാണ്‍ സിംഗ്, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, വിനയ് എന്നിവരെ അലഹാബാദ് ഹൈക്കോടതി കുറ്റമുക്തരാക്കിയിരുന്നു. ഇവര്‍ക്കെതിരേ അപ്പീല്‍ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.