ബാബയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല

വെള്ളി, 22 ഏപ്രില്‍ 2011 (10:15 IST)
PRO
സത്യ സായി ബാബയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ബാബയുടെ പ്രധാന ആന്തരികാവയവങ്ങളൊന്നും ചികിത്സയോട് വേണ്ടരീതിയില്‍ പ്രതികരിക്കുന്നില്ല എന്ന് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അടുത്ത 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.

ബാബയുടെ രക്തസമ്മര്‍ദ്ദം സ്ഥിരമായി കുറഞ്ഞു നില്‍ക്കുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനം വളരെ ദുര്‍ബ്ബലമായതിന്റെ സൂചനയാണെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ ഡോക്ടര്‍മാരുടെ സംഘം തീവ്രശ്രമം നടത്തുകയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വസിക്കുന്ന ബാബയുടെ കരള്‍ ഉള്‍പ്പെടെയുള്ള പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്.

ബാബയുടെ ആന്തരികാവയവങ്ങള്‍ ചികിത്സയോട് മന്ദഗതിയിലായിരുന്നു പ്രതികരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആന്തരികാവയവങ്ങള്‍ മോശം അവസ്ഥയിലായി. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഡലാലിസിസ് നടത്തുന്നത് വിജയകരമായി തുടരുന്നു. അതേസമയം, ബാബയുടെ തലച്ചോര്‍ നേരിയ തോതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.

ബാബയുടെ നില അതീവ ഗുരുതരമാണെന്ന് റവന്യൂ മന്ത്രി രഘുവീര റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക