പതിനെട്ടുകാരിയായ ബലാത്സംഗ ഇരയ്ക്ക് ഗര്‍ഭമലസിപ്പിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി അനുമതി നല്‍കി. ബലാത്സംഗ ഇരയ്ക്കും കുടുംബത്തിനും ഭാവിയില്‍ ഉണ്ടാകാവുന്ന മാനസികവും ശാരീരികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയത്. പെണ്‍കുട്ടി 15 ആഴ്ച ഗര്‍ഭിണിയാണ്.
അമ്രത്ജി താക്കൂര്‍ എന്നയാള്‍ 2010 സെപ്തംബറില്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ രണ്ട് മാസത്തോളം തടവില്‍ പാര്‍പ്പിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഡിസംബറില്‍ പെണ്‍കുട്ടിയെ മോചിപ്പിച്ച ശേഷം പിതാവ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞു.
മകളുടെ ഗര്‍ഭം അലസിപ്പിക്കാന്‍ രക്ഷിതാക്കള്‍ പല ഡോക്ടര്‍മാരെയും സമീപിച്ചു എങ്കിലും ബലാത്സംഗ ഇരയായതിനാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന്, ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് എ എസ് ദേവ് അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ വച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കി. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് ആശുപത്രിയിലെ സിവില്‍ സര്‍ജന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നും ഉണ്ടാവില്ല എങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താനും ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി ഭ്രൂണം സൂക്ഷിച്ചു വയ്ക്കാനുമാണ് കോടതി നിര്‍ദ്ദേശം.