ബലാത്സംഗം തടയാന്‍ കഴിയില്ല, എന്‍റെ രാജികൊണ്ട് എന്ത് പ്രയോജനം?: നീരജ് കുമാര്‍

തിങ്കള്‍, 22 ഏപ്രില്‍ 2013 (16:01 IST)
PTI
ബലാത്സംഗം പോലുള്ള കാര്യങ്ങള്‍ തടയുക എന്നത് അസാധ്യമാണെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍. താന്‍ രാജിവയ്ക്കുന്നതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ട് രാജിവയ്ക്കില്ലെന്നും നീരജ് കുമാര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചത് അയല്‍‌ക്കാരനാണ്. ഇത്തരത്തിലുള്ള ബലാത്സംഗം പൊലീസിന് എങ്ങനെ തടയാന്‍ കഴിയും? ഇത്തരം കുറ്റകൃത്യത്തിന്‍റെ പേരില്‍ രാജിവയ്ക്കാന്‍ കഴിയില്ല. ഒരു റിപ്പോര്‍ട്ടര്‍ തെറ്റുചെയ്തു എന്നുപറഞ്ഞ് എഡിറ്റര്‍ രാജിവയ്ക്കാറുണ്ടോ? - നീരജ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് തിരിച്ചു ചോദിച്ചു.

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസ് കൈകാര്യം ചെയ്തതില്‍ ഡല്‍ഹി ഗാന്ധിനഗര്‍ പൊലീസിന് വീഴ്ച പറ്റി. എന്നാല്‍ ഇങ്ങനെ വീഴ്ച പറ്റിയതില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും നീരജ് കുമാര്‍ വ്യക്തമാക്കി.

കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ല. എന്നാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ മാതൃകാപരമായ നടപടിയുണ്ടാകും.

പ്രതിഷേധിച്ച പെണ്‍കുട്ടിയുടെ കരണത്തടിച്ച എ സി പിക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. എ സി പിക്കെതിരെ ലെഫ്.ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും നീരജ് കുമാര്‍ അറിയിച്ചു.

അതേസമയം, അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയും പൊലീസ് പിടിയിലായി. പത്തൊമ്പത് വയസുള്ള പ്രദീപ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ മനോജ് കുമാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രദീപിനെ പിടികൂടിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക