ബജറ്റ്: മാലിന്യസംസ്കരണത്തിന് സ്വകാര്യ പങ്കാളിത്തമെന്ന് ചിദംബരം
വ്യാഴം, 28 ഫെബ്രുവരി 2013 (12:56 IST)
PTI
മാലിന്യസംസ്കരണത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതികള്‍ കൊണ്ടുവരുമെന്ന് പൊതുബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പി ചിദംബരം പറഞ്ഞു. മൂലധന വിനിയോഗത്തിന് 86721 കോടി രൂപ വകയിരുത്തി. ആണവോര്‍ജ വിഭാഗത്തിന് 5600 കോടി രൂപയും ബഹിരാകാശ വിഭാഗത്തിന് 5400 കോടി രൂപയും നല്‍കും.
ടാക്സി ഡ്രൈവര്‍മാരെയും റിക്ഷ വലിക്കുന്നവരെയും രാഷ്ട്രീയ സ്വാസ്ഥ്യഭീമയോജനയുടെ പരിധിയില്‍ കൊണ്ടുവരുമെന്ന് പി ചിദംബരം പ്രഖ്യാപിച്ചു. വനിതകള്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനായി നിര്‍ഭയ ഫണ്ട് കൊണ്ടുവരും. ഇതിനായി 1000 കോടി രൂപ വകയിരുത്തി. വനിതാശിശുക്ഷേമ മന്ത്രാലയത്തിനും മറ്റ് മന്ത്രാലയങ്ങള്‍ക്കുമായി തുക വിനിയോഗിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി 58000 കോടി രൂപ നല്‍കും. ബാങ്കുകള്‍ക്ക് ഇന്‍ഷുറന്‍സ് ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. തര്‍ക്കങ്ങളും പരാതികളും പരിഹരിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് അദാലത്തുകള്‍ സംഘടിപ്പിക്കാം. ആദായനികുതി നിരക്കിലോ പരിധിയിലോ മാറ്റം വരുത്തിയിട്ടില്ല.
രണ്ട് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 2000 രൂപ ടാക്സ് ക്രെഡിറ്റായി നല്‍കുമെന്നും ചിദംബരം അറിയിച്ചു. ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുളളവരില്‍ നിന്ന് 10 ശതമാനം സര്‍ചാര്‍ജ് ഈടാക്കും. കോര്‍പ്പറേറ്റ് നികുതികളുടെ സര്‍ചാര്‍ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സെസ് മൂന്ന് ശതമാനമായി തുടരുമെന്നും ധനമന്ത്രി അറിയിച്ചു.