ബംഗാളില്‍ സാധ്യതയുള്ള സീറ്റ് വേണം: പ്രണാബ്

ശനി, 7 മാര്‍ച്ച് 2009 (19:17 IST)
PTI
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം ഫലപ്രദമാവണമെങ്കില്‍ ജയസാധ്യതയുള്ള കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കണമെന്ന് വിദേശകാര്യമന്ത്രിയും പശ്ചിമ ബംഗാള്‍ പി സി സി പ്രസിഡന്‍റുമായ പ്രണാബ് മുഖര്‍ജി.

നിലവില്‍ അനുവദിച്ചിരിക്കുന്ന ആറു സീറ്റുകള്‍ക്ക് പുറമെ ജയസാധ്യതയുള്ള ഏതാനും സീറ്റുകള്‍ കൂടി നല്‍കിയില്ലെങ്കില്‍ സഖ്യം കൊണ്ട് പ്രയോജനമുണ്ടാവില്ലെന്നും പ്രണാബ് പറഞ്ഞു. പശ്ചിമ ബംഗാളിലെ സിലുഗിരിയില്‍ രാജീവ് ഗാന്ധി പഞ്ചായത്ത് കണ്‍‌വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയത്തില്‍ സഖ്യങ്ങള്‍ രൂപീകരിക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാ‍നും കൂടിയാണ് സഖ്യമുണ്ടാക്കുന്നത്. അല്ലാതെ അത് കുറക്കാനല്ല. ഇരു പാര്‍ട്ടികളും ഇത് അംഗീകരിക്കാന്‍ തയ്യാറാവണം. ആറു സീറ്റുകള്‍ക്ക് പുറമെ തൃണമൂല്‍ വാഗ്ദാനം ചെയ്ത മറ്റ് സീറ്റുകള്‍ സി പി എം ശക്തി കേന്ദ്രങ്ങളിലാ‍ണെന്നതിനാല്‍ ജയസാധ്യതയില്ലെന്നും പ്രണാബ് കൂട്ടിച്ചേര്‍ത്തു.

സീറ്റ് വിഭജനക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണെന്നും അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും പ്രണാബ് പറഞ്ഞു. ഞങ്ങള്‍ വെറുതെയിരിക്കുകയല്ല. സഖ്യം രൂപീകരിച്ചാല്‍ അതിനനുസരിച്ച് മത്സരിക്കും ഇല്ലെങ്കില്‍ ഒറ്റയ്ക്ക് പോരാടുമെന്നും പ്രണാബ് കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക