ലോഗ് ഇന്‍ സെക്ഷനിലെ തെറ്റ് കണ്ടെത്തിയതിന് ഇന്ത്യന്‍ ഹാക്കര്‍ ആനന്ദ് പ്രകാശിന് ഫേസ്ബുക്കിന്റെ വക പത്തുലക്ഷം രൂപ സമ്മാനം. ബംഗളൂരു സ്വദേശിയാണ് ആനന്ദ്. ലോഗ് ഇന്‍ സെക്ഷനില്‍ തെറ്റ് കണ്ടെത്തിയതിനെത്തുടര്‍ന്ന് ആനന്ദ് ഫേസ്ബുക്കിന് ഫെബ്രുവരി 22ന് ഇമെയില്‍ അയക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 2ന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി ഫേസ്‌ബുക്കില്‍ നിന്നും ആനന്ദിന് മറുപടി ലഭിച്ചു.
ആനന്ദ് കണ്ടെത്തിയ തെറ്റ് ശ്രദ്ധയില്‍പ്പെട്ടില്ലായിരുന്നെങ്കില്‍ അക്കൗണ്ടിലെ മെസേജുകള്‍, ചിത്രങ്ങള്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാന്‍ കഴിയുമായിരുന്നു. ഫേസ്‌ബുക്ക് ഉപയോഗിച്ച് എന്തെങ്കിലും ഇലക്‌ട്രോണിക് കച്ചവടങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ ഉപഭോക്‌താവിന്റെ ബാങ്ക് അക്കൗണ്ട്, ക്രെഡിക്ക് കാര്‍ഡ് വിവരങ്ങളും എളുപ്പത്തില്‍ ചോര്‍ത്താന്‍ കഴിയും.
ഇത്തരത്തില്‍ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്ക് ഇതുവരെ ഫേസ്ബുക്ക് 9,36,000 ഡോളര്‍ പ്രതിഫലം നല്‍കിയതായാണ് കണക്ക്.