സമത പാര്‍ട്ടി നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ ഓഫീസ് ഫര്‍ണിച്ചറിനെ ചൊല്ലി അദ്ദേഹത്തിന്റെ ഭാര്യ ലൈല കബീറും സമത പാര്‍ട്ടി മുന്‍ നേതാവ് ജയ ജയ്‌റ്റ്‌ലിയും തമ്മില്‍ വിലകുറഞ്ഞ തര്‍ക്കം.
കൃഷ്ണമേനോന്‍ മാര്‍ഗിലെ ഫെര്‍ണാണ്ടസിന്റെ ഔദ്യോഗിക വസതിയില്‍ കിടക്കുന്ന എല്ലാ ഫര്‍ണിച്ചറും തന്റേതാണെന്നും അതിനാല്‍ അവ എടുത്തുകൊണ്ടു പോകാനുള്ള അവകാശം തനിക്കാണെന്നുമാണ് ജയയുടെ വാദം. എന്നാല്‍, തന്നെയോ ഫെര്‍ണാണ്ടസിന്റെ സഹോദരനെയോ പോലും വസതിയിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല എന്ന് ജയ പരാതിപ്പെടുന്നു.
എണ്‍പതുകാരനായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ രാജ്യസഭാ കാലാവധി ജൂലൈ ഏഴിന് അവസാനിക്കാനിരിക്കെ ഔദ്യോഗിക വസതിയില്‍ നിന്ന് സാധനങ്ങള്‍ ഒഴിച്ചുമാറ്റാന്‍ തുടങ്ങിയതാണ് തര്‍ക്കത്തിനു കാരണമായത്. അല്‍ഷിമേഴ്സ് എന്ന മറവി രോഗം ബാധിച്ച ഫെര്‍ണാടസ് ഇപ്പോള്‍ ഭാര്യയ്ക്കൊപ്പം സ്വന്തം വസതിയിലാണ് താമസിക്കുന്നത്.
ഫെര്‍ണാണ്ടസിനെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരന്മാര്‍ കോടതിയെ സമീപിച്ചിരുന്നു. 25 വര്‍ഷമായി അകന്നു കഴിഞ്ഞിരുന്ന ലൈല അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ സ്വത്ത് മോഹിച്ച് എത്തിയതാണെന്നാണ് അവരുടെ ആരോപണം. എന്നാല്‍, ഫെര്‍ണാണ്ടസിന്റെ സഹോദരര്‍ ആരും ഇതുവരെയായും അദ്ദേഹത്തെ സന്ദര്‍ശിച്ചിട്ടില്ല എന്നാണ് ലൈലയുടെ വാദം. നാളെ കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഫര്‍ണിച്ചര്‍ സംബന്ധിച്ച തര്‍ക്കം നടന്നത്.