പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ കെഎസ് അശ്വത് (75) നിര്യാതനായി. 275 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അശ്വത് ദീര്‍ഘനാളായി രോഗാവസ്ഥയിലായിരുന്നു. ഇന്ന് വെളുപ്പിന് 2.15 ന് മൈസൂരിലെ ബിഎം ആശുപത്രിയിലായിരുന്നു അന്ത്യം.
സരസ്വതിപുരത്തെ വസതിയില്‍ വച്ച് കുളിമുറിയില്‍ കാല്‍ വഴുതി വീണ അശ്വതിനെ ജനുവരി ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ജനുവരി നാലിന് ആശുപത്രി വിട്ട അശ്വത് കാശി തീര്‍ത്ഥാടനം നടത്തിയിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ വീല്‍ചെയറിന്റെ സഹായത്തോടെയായിരുന്നു തീര്‍ത്ഥാടനം നടത്തിയതെന്ന് മകനും നടനുമായ ശങ്കര്‍ അശ്വത് പറഞ്ഞു. തിരികെയെത്തിയ അശ്വതിനെ ജനുവരി 11 ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിരവധി സിനിമകളില്‍ വേഷമിട്ട അശ്വത് 1950 ല്‍ ആണ് അഭിനയം തുടങ്ങിയത്. റേഡിയോ നാടകങ്ങളായിരുന്നു ആദ്യ അഭിനയ വേദി. അഭിനയ ജീവിതത്തെ അംഗീകരിച്ചുകൊണ്ട് തുംകൂര്‍ സര്‍വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.
1960 ല്‍ ബി സരോജ പ്രധാന വേഷത്തിലെത്തിയ കിട്ടൂര്‍ ചെന്നമ്മ എന്ന സിനിമയില്‍ ഒരു സ്വാമിയുടെ വേഷം അഭിനയിച്ച അശ്വത് അതേ വര്‍ഷം തന്നെ ഹിറ്റ് ചിത്രമായിരുന്ന ഭക്തപ്രഹ്ലാദയില്‍ നാരദന്റെ വേഷത്തിലും അഭിനയിച്ചു. 270 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴേക്കും ആരോഗ്യപരമായ കാരണങ്ങളാല്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു എങ്കിലും സുഹൃത്തും കന്നഡ സൂപ്പര്‍ താരവുമായിരുന്ന രാജ്‌കുമാറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അഭിനയം തുടരുകയായിരുന്നു. അടുത്തകാലത്ത്, ഭൂപതി, സിരിവന്ത തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.