പ്രവാസി വോട്ടവകാശ ബില്‍ അടുത്ത സമ്മേളനത്തില്‍

വ്യാഴം, 10 ജൂണ്‍ 2010 (19:49 IST)
PRO
പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കുന്ന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. എ കെ ആന്റണി അദ്ധ്യക്ഷനായുള്ള സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചാണ്‌ മന്ത്രിസഭാ തീരുമാനം.

ജോലിയ്ക്കും വിദ്യാഭ്യാസ ആവശ്യത്തിനും വിദേശരാജ്യങ്ങളില്‍ പോയിട്ടുള്ളവര്‍ക്ക്‌ വോട്ടവകാശം നല്‍കുന്നതിനുള്ള ഭേദഗതികള്‍ വരുത്താനാണ്‌ തീരുമാനം. വിദേശ ഇന്ത്യാക്കാര്‍ക്ക്‌ നാട്ടില്‍ മടങ്ങിവന്ന്‌ തങ്ങള്‍ ഉള്‍പ്പെടുന്ന പോളിങ്‌ ബൂത്തില്‍ വോട്ട്‌ ചെയ്യാന്‍ അവകാശം നല്‍കുന്ന വിധത്തിലായിരിക്കും ഭേദഗതിയെന്നാണ്‌ സൂചന.

2006 ല്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നു. പിന്നീട്‌ ബില്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ്‌ കമ്മറ്റിയ്ക്ക്‌ വിട്ടപ്പോള്‍ നിയമ ഭേഗഗതി സംബന്ധിച്ച്‌ സമഗ്രമായ ഭേദഗതി കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
തുടര്‍ന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ്‌ ഇതിനെക്കുറിച്ച്‌ പഠിക്കാന്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ സമിതിയെ നിയോഗിച്ചത്‌.

ജനപ്രാതിനിത്യ നിയമം അനുസരിച്ച്‌ പോളിങ്‌ ബൂത്ത്‌ പരിധിയ്ക്കുള്ളില്‍ ആറുമാസം സ്ഥിരമായി താമസിക്കുന്നവരയേ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തൂ. പ്രവാസികള്‍ക്ക്‌ വോട്ടവകാശം ഉറപ്പാക്കുന്ന വിധത്തില്‍ ജനപ്രാതിനിത്യ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിന്‌ വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള പ്രവാസി ഇന്ത്യാക്കാരുടെ ദീര്‍ഘനാളായുളള അവശ്യമാണ് ബില്‍ നിയമാകുന്നതോടെ സാക്ഷാത്കരിക്കാന്‍ പോകുന്നത്.

വെബ്ദുനിയ വായിക്കുക