ജനങ്ങള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കുന്നതിനായി മൊബൈല്‍ ആപ് വരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘നരേന്ദ്രമോഡി ആപ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതിലൂടെ നരേന്ദ്രമോഡി അറിയിച്ചു.
പുതിയ ആശയങ്ങള്‍ക്കും ജനങ്ങളുമായി കൂടുതല്‍ സംവദിക്കാനുമായാണ് ‘നരേന്ദ്രമോഡി ആപ്’ പുറത്തിറക്കുന്നത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുനയിക്കുന്നത് നമ്മുടെ ആഘോഷങ്ങളാണെന്നും മോഡി പറഞ്ഞു. ക്രിസ്മസ് ആഘോഷിച്ച നമ്മള്‍ ഇപ്പോള്‍ പുതുവര്‍ഷം ആഘോഷിക്കാനൊരുങ്ങുന്നു. ആഗോളതാപനത്തില്‍ നിന്നും ഭീകരവാദത്തില്‍ നിന്നും പ്രകൃതിദുരന്തങ്ങളില്‍ നിന്നും പുതുവര്‍ഷത്തില്‍ ലോകം മോചിക്കപ്പെടട്ടെ എന്നും മോഡി ആശംസിച്ചു.
സ്റ്റാര്‍ട്ട് അപ് ഇന്ത്യ പ്ലാന്‍ ജനുവരി 16ന് പ്രഖ്യാപിക്കും. ദേശീയ യുവജനോല്‍സവം ഛത്തീസ്ഗഡില്‍ നടത്തും. കടമകള്‍ എന്ന വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും ജനുവരി 26ന് മുമ്പ് സമര്‍പ്പിക്കാം - മോഡി മന്‍ കി ബാതിലൂടെ വ്യക്തമാക്കി.
സ്വച്ഛ് ഭാരത് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് ജനങ്ങളുടെ എല്ലാ പിന്തുണയും ആവശ്യമാണെന്ന് മോഡി പറഞ്ഞു. അതിഥികള്‍ വരുമ്പോള്‍ വീടുകള്‍ വൃത്തിയാക്കുന്നതുപോലെ വിനോദസഞ്ചാരകേന്ദ്രങ്ങളും നമ്മള്‍ വൃത്തിയാക്കണമെന്നും മോഡി പറഞ്ഞു.