പ്രധാനമന്ത്രിയടക്കം 15 മന്ത്രിമാര്‍ അഴിമതിക്കാര്‍: ഹസാരെ സംഘം

ശനി, 26 മെയ് 2012 (19:25 IST)
PRO
PRO
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, ധനകാര്യമന്ത്രി പ്രണാബ്‌ മുഖര്‍ജി, ആഭ്യന്തര മന്ത്രി പി ചിദംബരം എന്നിവരുള്‍പ്പടെ പതിനഞ്ച് കേന്ദ്രമന്ത്രിമാര്‍ അഴിമതിക്കാരാണെന്ന് ഹസാരെ സംഘം. സി എ ജി റിപ്പോര്‍ട്ട് ആധാരമാക്കിയാണ് ഹസാരെ സംഘം ഈ ആരോപണം ഉന്നയിച്ചത്. മന്ത്രിമാരുടെ അഴിമതി തെളിയിക്കുന്ന രേഖകള്‍ പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുത്തിട്ടുണ്ടെന്ന് ഹസാരെ സംഘത്തിലെ പ്രമുഖന്‍ പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

കുറഞ്ഞ വിലയ്ക്ക്‌ കല്‍ക്കരി പാടങ്ങള്‍ കൈമാറിയതില്‍ വന്‍ അഴിമതിയുണ്ട്. പ്രധാനമന്ത്രി കല്‍ക്കരി വകുപ്പ്‌ കൈകാര്യം ചെയ്ത 2006-2009 കാലത്താണ്‌ ഈ അഴിമതി നടന്നതെന്ന്‌ സി എ ജി റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച്‌ പ്രശാന്ത്‌ ഭൂഷണ്‍ പറഞ്ഞു.

സ്കോര്‍പീന്‍ അന്തര്‍വാഹിനി ഇടപാടില്‍ പ്രണബ്‌ മുഖര്‍ജിക്ക്‌ നാല്‌ ശതമാനം കമ്മീഷന്‍ കിട്ടിയെന്ന്‌ പ്രശാന്ത് ഭൂഷന്‍ ആരോപിച്ചു. പ്രണബ്‌ പ്രതിരോധ മന്ത്രിയായിരിക്കെയാണ്‌ ഈ ഇടപാട്‌ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ടു ജി സ്പെക്ട്രം ഇടപാടില്‍ അന്ന്‌ ധനകാര്യമന്ത്രിയായിരുന്ന പി ചിദംബരത്തിന്‌ വ്യക്തമായ പങ്കുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇവര്‍ക്ക്‌ പുറമേ മന്ത്രിമാരായ ശരദ്‌ പവാര്‍, എസ്‌ എം കൃഷ്ണ, കമല്‍നാഥ്‌, പ്രഫുല്‍ പട്ടേല്‍, വിലാസ്‌ റാവു ദേശ്മുഖ്‌, കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ്‌, ജി കെ വാസന്‍, എം കെ അഴഗിരി, സുശീല്‍കുമാര്‍ ഷിന്‍ഡെ, വീരഭദ്ര സിംഗ്‌, ഫറൂഖ്‌ അബ്ദുള്ള എന്നിവരെയാണ്‌ അഴിമതിക്കാരാണെന്ന് ഹസാരെ സംഘം ആരോപിക്കുന്നത്.

വെബ്ദുനിയ വായിക്കുക