പ്രതിഷേധം: മാവോകള്‍ ഭാരത് ബന്ദിന്

ഞായര്‍, 4 ജൂലൈ 2010 (16:30 IST)
മാവോയിസ്റ്റ് വക്താവ് ആസാദ് എന്ന രാജ്കുമാറിനെ ഹൈദരാബാദില്‍ വെടിവച്ചു കൊന്നതില്‍ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധ സൂചകമായി മാവോയിസ്റ്റുകള്‍ 48 മണിക്കൂര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ജൂലൈ ഏഴിനാണ് ബന്ദ് ആരംഭിക്കുക.

ആസാദിന്റെ കൊലപാതകത്തിനു പ്രതികാരം ചെയ്യുമെന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ വ്യക്തമായ അറിവോടെയാണ് കൊല നടത്തിയതെന്ന് മാവോകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വാറംഗലില്‍ നിന്ന് എം‌ടെക് ബിരുദമെടുത്തിട്ടുള്ള ആസാദ് കഴിഞ്ഞ 35 വര്‍ഷമായി ഇടത് തീവ്രവാദ സംഘടയുമായി അടുത്ത ബന്ധം പുലര്‍ത്തി വരുന്നു. മാവോയിസ്റ്റ് തത്വശാസ്ത്രം പ്രചരിപ്പിക്കുന്നതിനായി ഇയാള്‍ മാഗസിനുകളിലും മറ്റും ലേഖനങ്ങളെഴുതിയിരുന്നു.

മഹാരാഷ്ട്രയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വെള്ളിയാഴ്ച ആന്ധ്ര അതിര്‍ത്തിയിലുള്ള ജോഗപൂര്‍ വനമേഖലയില്‍ വച്ചാണ് ആസാദിനെ വെടിവച്ചുകൊന്നത്.

വെബ്ദുനിയ വായിക്കുക