പ്രതിഭയ്ക്ക് 31 ലക്ഷത്തിന്റെ ആഭരണം, സ്വത്ത് 2.5 കോടി
തിങ്കള്‍, 25 ജൂലൈ 2011 (17:30 IST)
WD
രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് 2.5 കോടി രൂപയുടെ സ്വത്ത്. ഇതില്‍ 31 ലക്ഷം രൂപയുടെ ആഭരണങ്ങളും ഉള്‍പ്പെടും. സ്വത്ത് പരസ്യപ്പെടുത്തിയതോടെ രാജ്യത്ത് ആദ്യമായി ആസ്തി വെളിപ്പെടുത്തുന്ന രാഷ്ട്രപതി എന്ന ബഹുമതിയും പ്രതിഭയ്ക്ക് സ്വന്തമായി.
വിവരാവകാശനിയമ പ്രകാരം സമര്‍പ്പിച്ച ഒരു അപേക്ഷയ്ക്കുള്ള മറുപടിയായാണ് പ്രതിഭ സ്വത്ത് വെളിപ്പെടുത്തിയത്. മാര്‍ച്ച് 31 വരെ തനിക്ക് സ്വന്തമായുള്ള ആസ്തികളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
രാഷ്ട്രപതിയുടെ വെബ്സൈറ്റില്‍ സ്വത്ത് വിവരങ്ങള്‍ ലഭ്യമാണ്. http://presidentofindia.nic.in/assets.html എന്ന വിലാസത്തില്‍ പ്രതിഭാ പാട്ടീലിന്റെ സ്വത്ത് വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും.
ഒരു വീട്, മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള ഒരു ഫാംഹൌസ്, കൃഷിയിടങ്ങള്‍ എന്നിവയാണ് സ്ഥാവര സ്വത്തുക്കളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഓഹരി നിക്ഷേപങ്ങളും, ബാങ്ക് നിക്ഷേപവും .3,106,250 രൂപ വിലമതിക്കുന്ന 1,750 ഗ്രാം സ്വര്‍ണാഭരണങ്ങളും 69,134 രൂപ വിലമതിക്കുന്ന വെള്ളിപ്പാത്രങ്ങളും ജംഗമ സ്വത്തുക്കളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
സുഭാഷ് ചന്ദ്ര അഗര്‍വാള്‍ എന്ന വിവരാവകാശ പ്രവര്‍ത്തകനാണ് അപേക്ഷ സമര്‍പ്പിച്ചത്. അഗര്‍വാളിന്റെ അപേക്ഷ അനുസരിച്ച് സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്താന്‍ രാഷ്ട്രപതിയുടെ ഓഫീസിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ല എന്നായിരുന്നു മുഖ്യ വിവരാവകാശ കമ്മീഷന്റെ മറുപടി. എന്നാല്‍, രാഷ്ട്രപതിയുടെ ഓഫീസ് അഗര്‍വാളിന്റെ അപേക്ഷയ്ക്ക് മതിയായ മറുപടി നല്‍കാന്‍ തയ്യാറാവുകയായിരുന്നു.