പ്രണയം മൂലം ദിവസം 10 ആത്മഹത്യ!

തിങ്കള്‍, 22 ഫെബ്രുവരി 2010 (11:13 IST)
PRO
ഇന്ത്യയില്‍ കൂടുതല്‍ ആത്മഹത്യകള്‍ക്ക് പ്രണയ പരാജയം കാരണമാവുന്നു എന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ദിവസവും ഇത്തരത്തില്‍ ശരാശരി 10 ആത്മഹത്യകളാണ് നടക്കുന്നതെന്ന് ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട 2008 ലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാശ്ചാത്യ രാജ്യങ്ങളില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും ആത്മഹത്യയുടെ പ്രധാന കാരണങ്ങളാവുമ്പോള്‍ ഇന്ത്യയില്‍ ഇക്കാരണങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്ത് മാത്രമേ വരുന്നുള്ളൂ. ഇന്ത്യയില്‍ ഒരു ദിവസം ദാരിദ്ര്യം മൂലം എട്ട് പേരും തൊഴിലില്ലായ്മ കാരണം 10 പേരുമാണ് ജീവനൊടുക്കുന്നത് എന്നാണ് ശരാശരി കണക്കുകള്‍.

പ്രണയ പരാജയം കാരണം 2008 ല്‍ രാജ്യത്ത് 3,774 ആളുകളാണ് ജീവനൊടുക്കിയത്. സ്ത്രീകളാണ് ഇക്കാരണത്താല്‍ ജീവിതമവസാനിപ്പിച്ചതില്‍ മുന്‍‌പന്തിയില്‍-1.912 പേര്‍! 1,862 പുരുഷന്‍‌മാരും പ്രണയം മൂലം ജീവിതം വേണ്ടെന്ന് വച്ചു. പശ്ചിമ ബംഗാളിലാണ് ഇത്തരത്തിലുള്ള ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത്- 792.

ക്രൈംസ് റിക്കൊര്‍ഡ്സ് റിപ്പോര്‍ട്ട് അനുസരിച്ച് 3,006 ആളുകളാണ് ദാരിദ്ര്യം മൂലം ജീവന്‍ അവസാനിപ്പിച്ചത്. തൊഴിലില്ലായ്മയും സാമ്പത്തിക ബാധ്യതയും കാരണം 2008 ല്‍ യഥാക്രമം 2,080 ഉം 2,970 ഉം ആളുകള്‍ ജീവനൊടുക്കി.

എന്നാല്‍, കുടുംബ പ്രശ്നങ്ങളും രോഗാവസ്ഥയും ആത്മഹത്യയ്ക്കുള്ള പ്രധാനകാരണമായി തുടരുന്നു. ഇക്കാരണങ്ങളാല്‍ 2008 ല്‍ ആത്മഹത്യ ചെയ്തത് 1,25,017 ആളുകളാണ്. 2,730 പേര്‍ മയക്കുമരുന്നിന് അടിമയായതു മൂ‍ലം ആത്മഹത്യ ചെയ്തപ്പോള്‍ 2,198 പേര്‍ ആത്മഹത്യ ചെയ്തത് പരീക്ഷാ പരാജയം മൂലമാണ് ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തത്.

അപഥ സഞ്ചാരവും സ്ത്രീധനവും ഇന്ത്യയില്‍ ആത്മഹത്യയ്ക്ക് പ്രധാന കാരണമാവുന്നു. 1,264 പേര്‍ അവിഹിത ബന്ധം മൂലമുള്ള പ്രശ്നങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധന പ്രശ്നങ്ങള്‍ കാരണം 3,038 ആളുകളാണ് 2008 ല്‍ ആത്മഹത്യ ചെയ്തത്.

വെബ്ദുനിയ വായിക്കുക