പ്രണയം നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തി!

ശനി, 29 ജനുവരി 2011 (17:10 IST)
PRO
പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഒരു എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിനിയെ കോളജ് പ്രഫസര്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. തിരുവള്ളുവറിലെ ഒരു സ്വകാര്യ എഞ്ചിനിയറിംഗ് കോളജ് അധ്യാപകനാണ് അതേ കോളജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പ്രീതി എന്ന വിദ്യാര്‍ത്ഥിനി പ്രോജക്ട് സംബന്ധമായ ആവശ്യത്തിന് രാമവാരത്തുള്ള ഒരു കമ്പനിയില്‍ പോയി മടങ്ങുമ്പോഴാണ് അരുണ്‍ കുമാര്‍ എന്ന അധ്യാപകന്‍ വൈരാഗ്യം തീര്‍ത്തത് എന്ന് പൊലീസ് വെളിപ്പെടുത്തി. കഴുത്തില്‍ നിരവധി കുത്തുകളേറ്റ പ്രീതി ഇപ്പോള്‍ അപകടനില തരണം ചെയ്യുന്നതേയുള്ളൂ.

പ്രീതിയെ ആക്രമിക്കുന്നതു കണ്ട സുഹൃത്തുക്കള്‍ സഹായത്തിനായി ബഹളംവച്ചു എങ്കിലും ആളുകള്‍ ഓടിക്കൂടിയപ്പൊഴേക്കും അരുണ്‍ കുമാര്‍ രക്ഷപെട്ടിരുന്നു.

അരുണ്‍ കുമാര്‍ വിവാഹിതനാണ്. എന്നാല്‍, ഭാര്യയുമായി അകല്‍ച്ചയിലാണ്. പ്രീതി അരുണിന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചു എങ്കിലും ഇയാള്‍ നിരന്തരം ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒടുവില്‍, പ്രീതി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് വിട്ടയച്ചു.

പൊലീസില്‍ പരാതിപ്പെട്ടതിനുള്ള പ്രതികാരമായാണ് ഇയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് കരുതുന്നു.

വെബ്ദുനിയ വായിക്കുക