പ്രചരണത്തിന് മോഡിയും വരുണും വേണ്ടെന്ന് ജെഡി(യു)

ചൊവ്വ, 22 ജൂണ്‍ 2010 (17:19 IST)
PRO
ബീഹാറില്‍ ജനതാദള്‍ യുണൈറ്റഡും ബി ജെ പിയും തമ്മിലുള്ള സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങുന്നതിന്‍റെ വ്യക്തമായ സൂചനകള്‍ നല്‍കികൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെയും യുവ നേതാവ് വരുണ്‍ ഗാന്ധിയെയും ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നിയോഗിക്കരുതെന്ന് ജെ ഡി(യു) ആ‍വശ്യപ്പെട്ടു. 15വര്‍ഷമായി തുടരുന്ന സഖ്യം വേണോ അതോ മോഡിയെയും വരുണിനെയും വേണോ എന്നാണ് ജെ ഡി(യു) നേതാക്കള്‍ ബി ജെ പിയോട് ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇത്തരത്തില്‍ യാതൊരു നിര്‍ദേശവും ജനതാദള്‍ നേതൃത്വം നല്‍കിട്ടില്ലെന്ന വിശദീകരണവുമായി ബി ജെ പി നേരിട്ട് രംഗത്തെത്തി. ബീഹാറില്‍ ആരൊക്കെ പ്രചരണം നടത്തണമെന്ന് ബി ജെപി തീരുമാനിക്കുമെന്നും പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്‍ വ്യക്തമാക്കി. ഇത് ഞങ്ങളുടെ പ്രശ്നമാണെന്നും ആരുടെയും ഉപദേശം വേണ്ടെന്നും ഹുസൈന്‍ പറഞ്ഞു.

ബീഹാറില്‍ ആരൊക്കെ പ്രചരണം നടത്തണമെന്ന് സഖ്യം തീരുമാനിക്കുമെന്ന് ജനതാദള്‍(യു)അധ്യക്ഷന്‍ ശരദ് യാദവ് ഇന്ന് വ്യക്തമാക്കിയെങ്കിലും മോഡിയും വരുണും വേണ്ടെന്ന് തന്നെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നിലപാട്. അതേസമയം ജനതാദളിന്‍റെ ഏകാധിപത്യ നിലപാടില്‍ സംസ്ഥാന ബി ജെ പിയില്‍ അമര്‍ഷം പുകയുന്നുണ്ട്.

ഇപ്പോഴത്തെ നിലയ്ക്ക് മുന്നോട്ട് പോയാല്‍ ബീഹാറില്‍ ബി ജെ പിയ്ക്ക് ഒറീസയില്‍ സംഭവിച്ച ഗതിയാവുമെന്നാണ് സംസ്ഥാന നേതാക്കളുടെ പക്ഷം. ഇക്കാര്യം ബി ജെ പി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരി എന്‍ ഡി എ നേതാവ് എല്‍ കെ അദ്വാനിയുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സഖ്യം തുടരണമെന്ന് തന്നെയാണ് അദ്വാനിയുടെയും ബീഹാറിലെ ഉപമുഖ്യമന്ത്രിയായ സുശീല്‍ മോഡിയുടെയും നിലപാട്.

2008ല്‍ കോശി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള ദുരിതാശ്വാസ ധനസഹായമായി നരേന്ദ്ര മോഡി നല്‍കിയ അഞ്ചുകോടി രൂപ നിതീഷ് കുമാര്‍ തിരിച്ചുനല്‍കിയിരുന്നു. ബീഹാറിന് ദുരിതാശ്വാസസഹായം നല്‍കിയതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ മാദ്ധ്യമങ്ങളില്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ബിഹാറില്‍ പിന്നാക്ക മുസ്‌ലിം വോട്ടുകള്‍ പ്രതീക്ഷിക്കുന്ന നിതീഷ് ഗുജറാത്ത് വംശഹത്യയ്ക്കുശേഷം മോഡിയെ എതിരാളിയായി പരസ്യമായി പ്രഖ്യാപിച്ചതാണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ലുധിയാനയില്‍ നടന്ന എന്‍.ഡി.എ. റാലിക്കു മാത്രമാണ് മോഡിയുമായി പൊതുവേദി പങ്കിടാന്‍ നിതീഷ് തയ്യാറായത്. മതേതര പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കുന്ന നടപടികള്‍ പാടില്ലെന്നതാണ് നിതീഷിന്റെ നിലപാട്.

വെബ്ദുനിയ വായിക്കുക