പൊലീസ് മാനഭംഗം സിബിഐ അന്വേഷിക്കണം

ശനി, 21 മെയ് 2011 (14:48 IST)
PRO
ഗ്രേറ്റര്‍ നോയ്ഡയിലെ കര്‍ഷക മുന്നേറ്റ സമയത്ത് ഭട്ട - പര്‍സോല്‍ ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ വ്യാപകമായി അതിക്രമം നടന്നിട്ടുണ്ട് എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിനെ പിന്തുണച്ച് ദേശീയ വനിതാ കമ്മീഷനും രംഗത്ത്. ഗ്രാമത്തില്‍ നടന്ന പൊലീസ് അതിക്രമങ്ങളെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സന്‍ യാസ്മിന്‍ അബ്രാര്‍ ആവശ്യപ്പെട്ടു.

യുപിയില്‍ വനിതകള്‍ക്കെതിരെയുള്ള അതിക്രമം വളരെ ഉയര്‍ന്ന നിലയിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണ് ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം നടന്നതെന്നും വനിതാകമ്മീഷന്‍ ആക്ടിംഗ് ചെയര്‍ പേഴ്സണ്‍ ആരോപിച്ചു.

മെയ് ഏഴിന് നടന്ന കര്‍ഷക പ്രക്ഷോഭത്തിനു ശേഷം ഗ്രാമങ്ങളില്‍ തെരച്ചില്‍ നടത്തിയ പൊലീസ് സംഘം നിരവധി സ്ത്രീകളെ നഗ്നരാക്കി പരസ്യമായി നടത്തുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തതായി വനിതാകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും ഉയര്‍ന്നിരിക്കുന്നത്.

ഫറൂഖബാദില്‍ ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തി കൊല ചെയ്തു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്റെ കുഞ്ഞിനെ ജീവനോടെ കത്തിച്ചു എന്ന് ഒരു സ്ത്രീ പരാതിപ്പെട്ടിട്ടുണ്ട്. പൊലീസുകാര്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുകയും അവരെ പീഡനവിധേയരാക്കുകയും ചെയ്തു. ഇത്രയും പരാതികള്‍ ഉയര്‍ന്നിട്ടും മായാവതി ഈ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല എന്നും വനിതാകമ്മീഷന്‍ ആക്ടിംഗ് ചെയര്‍പേഴ്സന്‍ ചൂണ്ടിക്കാട്ടുന്നു.

കര്‍ഷക പ്രക്ഷോഭം നടന്ന ഗ്രാമങ്ങളില്‍ സ്ത്രീകളെ മാനഭംഗത്തിനിരയാക്കി എന്നും ഗ്രാമീണരെ കൂട്ടക്കുരുതി നടത്തിയെന്നും ചാമ്പല്‍ക്കൂനകളില്‍ മനുഷ്യരുടെ അസ്ഥികള്‍ കണ്ടു എന്നും രാഹുല്‍ ഗാന്ധി അടുത്തിടെ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക