പൈലറ്റ് ‘വ്യാജര്‍’, വ്യോമയാത്ര ദൈവകരങ്ങളില്‍!

തിങ്കള്‍, 14 മാര്‍ച്ച് 2011 (16:31 IST)
PRO
ദിവസേനയെന്നോണം വ്യാജ പൈലറ്റുമാര്‍ അറസ്റ്റിലാവുന്ന സാഹചര്യത്തില്‍ വിമാന യാത്രക്കാര്‍ക്ക് സുരക്ഷിത യാത്ര ലഭിക്കാന്‍ ദൈവം മാത്രം അഭയമെന്ന അവസ്ഥ സംജാതമായിരിക്കുന്നു! വ്യാജ മാര്‍ക്ക് ഷീറ്റ് നല്‍കി പൈലറ്റ് ലൈസന്‍സ് നേടിയതിനെ തുടര്‍ന്ന് നടന്ന രണ്ട് അറസ്റ്റുകള്‍ക്ക് ശേഷം 4000 പൈലറ്റ് ലൈസന്‍സുകള്‍ കൂടി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ (ഡിജിസി‌എ) കര്‍ശന നിരീക്ഷണത്തിലാണ്.

കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ രണ്ട് വ്യാജ പൈലറ്റുമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ കെ ജെ വര്‍മ്മയെ ശനിയാഴ്ചയാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്.

തെറ്റായ ലാന്‍ഡിംഗ് നടത്തിയതിനെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ഇന്‍ഡിഗോ പൈലറ്റ് പര്‍മീന്ദര്‍ കൌര്‍ ഗുലാത്തിയെ അറസ്റ്റ് ചെയ്തതോടെയാണ് വ്യാജ പൈലറ്റുമാരെ കുറിച്ച് ഡിജിസി‌എ ഗൌരവമായി ചിന്തിച്ചു തുടങ്ങിയത്. പൈലറ്റ് ലൈസന്‍സ് ലഭിക്കാന്‍ മൂന്ന് വിഷയങ്ങള്‍ പാസാകേണ്ടിടത്ത് ഒന്നില്‍ മാത്രമാണ് കൌര്‍ വിജയിച്ചിരിക്കുന്നത് എന്ന് ഡിജിസി‌എ കണ്ടെത്തുകയായിരുന്നു. കൌറിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഇന്‍ഡിഗോയിലെ തന്നെ മറ്റൊരു പൈലറ്റായ മീനാക്ഷി സൈഗളും എം ഡി എല്‍ ആറിലെ മറ്റൊരു പൈലറ്റായ സ്വരണ്‍ സിംഗും ഒളിവില്‍ പോയിരിക്കുകയാണ്.

വ്യാ‍ജ ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിലെ ചിലരുടെ സഹായവും ലഭിച്ചിട്ടുണ്ട് എന്നാണ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക