പെയ്ഡ് ന്യൂസ് തടയാന്‍ നടപടിയെടുക്കണമെന്ന് പാര്ലമെന്ററി കമ്മിറ്റി
ചൊവ്വ, 7 മെയ് 2013 (18:12 IST)
PRO
PRO
പത്രങ്ങളിലും ചാനലുകളിലും പെയ്ഡ് ന്യൂസ് അവസാനപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് പാര്ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട്. പണമോ മറ്റു സൌജന്യങ്ങളോ കൈപ്പറ്റി വാര്‍ത്തകളും പരിപാടികളും പ്രസിദ്ധീകരിക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. ഇതു തടയാന്‍ നിലവിലെ സംവിധാനങ്ങള്‍ അപര്യാപപ്തമാണ്. ഉള്ള അധികാരം സര്‍ക്കാര്‍ ഉപയോഗിക്കുന്നുമില്ല.
2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 414 പെയ്ഡ് ന്യൂസുകള്‍ തെളിയിക്കപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണ സംവിധാനം നല്ലതാണ്. പക്ഷേ വേണ്ടത്ര ഫലപ്രദമല്ല. മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം പാലിക്കുക എന്നത് തത്ത്വത്തില്‍ നന്നെങ്കിലും ഒട്ടും ഫലപ്രദമല്ലെന്നാണ് ഇന്ത്യയിലെ അനുഭവമെന്ന് കമ്മിറ്റി വിലയിരുത്തി.
നിലവില്‍ പ്രസ്സ് കൌണ്‍സിലിന് ശാസിക്കാന്‍ മാത്രമാണ് അധികാരമുള്ളത്. ഇലക്ട്രോണിക് മാധ്യമങ്ങളും പരിധിയില്‍ വരാവുന്ന തരത്തില്‍ പ്രസ്സ് കൌണ്‍സില്‍ മീഡിയാ കൌണ്‍സില്‍ ആയി അഴിച്ചുപണിയണം.
ചാനലുകളുടേയും പത്രങ്ങളുടേയും ഉള്ളടക്കം പരിശോധിക്കാന്‍ കൌണ്‍സിലിന് അധികാരം നല്‍കണം. അതിന് യോഗ്യരായ വിദഗ്ദ്ധര്‍ കൌണ്‍സിലില്‍ ഉണ്ടായിരിക്കണം.
പെയഡ് ന്യൂസ് തെളിഞ്ഞാല്‍ പ്രസിദ്ധീകരിച്ച സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കണം. പെയ്ഡ് ന്യൂസ് നല്‍കുന്ന കക്ഷികള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണം. വാര്‍ത്താമൂല്യത്തിനു പകരം സ്ഥാപന ഉടമകളുടെ സാമ്പത്തികമോ വ്യക്തിപരമോ ആയ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നതും പെയ്ഡ്ന്യൂസിന് കാരണമാണെന്ന് കമ്മിറ്റി വിലയിരുത്തി. അതിനാല്‍ സ്ഥാപനങ്ങളുടെ വരുമാനത്തിന്‍റെ കണക്ക് വര്‍ഷാവര്‍ഷം വെളിപ്പെടുത്തണം.
വാര്‍ത്തകള്‍ക്കും പരസ്യത്തിനുമിടയില്‍ കൃത്യമായ വേര്‍തിരിവ് വേണം. വാര്‍ത്തയെന്ന് തോന്നിക്കുന്ന തരത്തില്‍ പരസ്യം പ്രസിദ്ധീകരിക്കുന്നത് വായനക്കാരോടും പ്രേക്ഷകരോടും ചെയ്യുന്ന ചതിയാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. മാധ്യമ സ്ഥാപനങ്ങളുടെ ഓഹരികള്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ കയ്യിലാക്കുന്നത് തടയണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
ഹരിയാനയില്‍നിന്നുള്ള കോണ്‍ഗ്രസ് അംഗമായ റാവു ഇന്ദ്രജിത്ത് സിംഗാണ് കമ്മിറ്റി അദ്ധ്യക്ഷന്‍. കേരളത്തില്‍ നിന്ന് പി രാജീവ്, എംപി അച്യുതന്‍, ജോയ് അബ്രഹാം തുടങ്ങിയവര്‍ അംഗങ്ങളാണ്.