പി‌എംകെ ഇന്ന് തീരുമാനമെടുത്തേക്കും

വ്യാഴം, 26 മാര്‍ച്ച് 2009 (10:29 IST)
പി‌എം‌കെയെ മുന്നണിയില്‍ നിലനിര്‍ത്താനായി കോണ്‍ഗ്രസ് നടത്തിയ അവസാനവട്ട ചര്‍ച്ചയും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. യുപി‌എ മുന്നണി വിടുന്ന കാര്യം പി‌എം‌കെ വ്യാഴാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പി‌എം‌കെ മന്ത്രി അന്‍പുമണി രാമദോസ് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രത്തില്‍ യുപി‌എ സഖ്യത്തിലാണെങ്കിലും തമിഴ്നാട്ടില്‍ ഡി‌എം‌കെയില്‍ നിന്ന് പാര്‍ട്ടിക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ രാമദോസ് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

വ്യാഴാഴ്ച ചെന്നൈയില്‍ നടക്കുന്ന പി‌എം‌കെ യോഗത്തില്‍ യുപി‌എ വിടുന്ന കാര്യം വ്യക്തമാക്കുമെന്നാണ് കരുതുന്നത്. സഖ്യം വിട്ട് എഐ‌ഡി‌എം‌കെ പക്ഷത്തേക്ക് മാറാനാണ് പി‌എം‌കെ തീരുമാനമെന്നാണ് സൂചന.

കഴിഞ്ഞ കുറെ കാലമായി പി‌എം‌കെ-ഡി‌എം‌കെ ബന്ധം സുഖകരമായിരുന്നില്ല. സംസ്ഥാനത്തെ ഭരണ സഖ്യമായ ഡി‌പി‌എയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് പി‌എം‌കെ പുറത്തുപോയത്.

വെബ്ദുനിയ വായിക്കുക